പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സർക്കാരിന്റെ ആരോഗ്യ സൗകര്യങ്ങള്‍ വഴി ഇതുവരെ വൈദ്യസഹായം നല്‍കിയത് 2.89 ലക്ഷത്തിലേറെ പേർക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികള്‍ ആശുപത്രികളിലും 72,654 രോഗികള്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്. 649 എമർജൻസി കേസുകള്‍ക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളില്‍ സേവനം നല്കി. 168 പേർക്ക് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തതില്‍ 115 രോഗികളെ കൃത്യമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായി.
ജന്നി വന്ന 103 പേർക്ക് സേവനം നല്‍കിയതില്‍ 101 പേരെയും രക്ഷപെടുത്താൻ സാധിച്ചു.
മകരവിളക്കിനോടനുബന്ധിച്ചും വിപുലമായ ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ 14 വരെ കരിമല ഗവ: ഡിസ്പെൻസറി തുറന്നു പ്രവർത്തിക്കുന്നുണ്ട്. മകരവിളക്ക് കാലയളവില്‍ അടിയന്തരഘട്ടങ്ങള്‍ നേരിടാനായി മെഡിക്കല്‍ ഓഫീസർമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും റിസർവ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസർ ഡോ. ശ്യാംകുമാർ കെ കെ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകരവിളക്ക് പ്രമാണിച്ച് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ജനുവരി 13 മുതല്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 72 മണിക്കൂർ കണ്ട്രോള് റൂം പ്രവർത്തിക്കും. 0468 2222642, 0468 2228220 എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്ട്രോള് റൂം നമ്പറുകള്‍. മകരവിളക്ക് കാലയളവിലേക്കാവശ്യമായ മരുന്നുകള്‍, ബ്ലീച്ചിങ് പൗഡർ ഉള്‍പ്പടെയുള്ളവ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ആംബുലൻസ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഹില്‍ ടോപ്, ഹില്‍ ഡൌണ്‍, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, ആങ്ങമൂഴി എന്നിവിടങ്ങളില്‍ ലഭ്യമാക്കുന്നുണ്ട്.