തിരുവനന്തപുരം : ശബരിമല തീർത്ഥാടനം സുഗമമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുൻപില്‍ സമർപ്പിച്ച് ശബരിമല കർമ്മ സമിതി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തുമായി സമിതി ഭാരവാഹികള്‍ ഒന്നര മണിക്കൂറോളം ചർച്ചകള്‍ നടത്തിയതായും ചില നിർദ്ദേശങ്ങള്‍ നടപ്പിലാക്കാമെന്ന് ഉറപ്പു നല്‍കിയതായും ശബരിമല കർമ്മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്‌ജെആർ കുമാർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘർഷഭരിതമാകാതെ ഭക്തരുടെ ബുദ്ധിമുട്ടുകള്‍ കുറച്ച് ശാന്തവും സമാധാനപരവുമായ തീർത്ഥാടനം ഉറപ്പുവരുത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങളാണ് സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നല്ല തീർത്ഥാടന കാലം ഉറപ്പിക്കാനായി ഹൈന്ദവ സംഘടനകളുമായി ചർച്ച നടത്താനും അവരുടെ സഹായം ഉറപ്പിക്കാനും ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ശബരിമല കർമ്മസമിതി അഭ്യർത്ഥിച്ചു. വെർച്വല്‍ ക്യൂ സംവിധാനത്തോട് എതിർപ്പില്ല. പക്ഷെ സ്‌പോട്ട് ബുക്കിംഗ് നിർത്തുമ്ബോള്‍ വരുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണം. തമിഴ്‌നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ നിന്ന് വരുന്ന ഭക്തർ ഇതേക്കുറിച്ച് അറിയുന്നുണ്ടാകില്ല. അവർ നെയ്‌ത്തേങ്ങയും ഇരുമുടിക്കെട്ടുമായി ഇവിടെ എത്തിക്കഴിഞ്ഞാല്‍ മടങ്ങിപ്പോകുന്ന അവസ്ഥ ഒരിക്കലും വരാൻ പാടില്ലെന്ന് എസ്‌ജെആർ കുമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പമ്പവിളക്ക്, പമ്പയിലെ ബലിതർപ്പണം ഇതൊന്നും വേണ്ട രീതിയില്‍ നിർവ്വഹിക്കാനാകുന്നില്ല. ഗണപതി കോവിലില്‍ വേണ്ട വിശ്രമ കേന്ദ്രങ്ങളില്ല. പമ്ബ മുതല്‍ സന്നിധാനം വരെയുളള പാതയിലെ ശുദ്ധജലത്തിന്റെ അഭാവവും സമിതി ചൂണ്ടിക്കാട്ടി. ചികിത്സാ സൗകര്യമില്ലാതെ കഴിഞ്ഞ വർഷം 50 ലധികം ആളുകള്‍ മരിച്ചു. ആശുപത്രി സൗകര്യമെന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ക്ലിനിക്കുകളില്‍ ആധുനീക സംവിധാനങ്ങളൊന്നും ഇല്ല. ഐശ്വര്യപൂർണമായ ജീവിതം നയിക്കാൻ വ്രതമെടുത്ത് അയ്യപ്പനെ ദർശിക്കാനെത്തുന്ന തീർത്ഥാടകർ മരണപ്പെടുന്ന അവസ്ഥയാണ്. അങ്ങനെ സംഭവിക്കാൻ പാടില്ലെന്നും സമിതി പറഞ്ഞു.
പൊലീസും തിരക്ക് നിയന്ത്രിക്കാൻ സേവന പ്രവർത്തകരെന്ന് പറഞ്ഞ് എത്തുന്നവരും അയ്യപ്പൻമാരോട് മോശമായി പെരുമാറുന്നുവെന്ന പരാതികള്‍ വ്യാപകമാണ്. ശബരിമലയില്‍ നിയോഗിക്കപ്പെടുന്ന പൊലീസുകാരും സന്നദ്ധ പ്രവർത്തകരും ഭഗവാന്റെ ഭക്തരായിരിക്കണം. മുൻപ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാർ വ്രതധാരികളായിട്ടാണ് ആ കർമ്മം ഏറ്റെടുത്തിരുന്നത്. പക്ഷെ അടുത്ത സമയത്തായി അതിന് മാറ്റങ്ങള്‍ വന്നു. പതിനെട്ടാം പടി കയറുന്ന സമയത്ത് വേണ്ട തരത്തില്‍ പൊലീസുകാർ സഹായിക്കുന്നില്ലെന്ന പരാതികളും ഭക്തർക്കുണ്ടെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.