പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിന്‍റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. കൂടുതല്‍ പേർ ദർശനം നടത്തിയത് ഡിസംബർ 31നാണ്. ഒരു ലക്ഷത്തി അഞ്ഞൂറോളം പേർ ദർശനം നടത്തി. മകര വിളക്കിനായി നട തുറന്നത് മുതല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.
തിരക്ക് നിയന്ത്രിക്കാൻ ചില ദിവസങ്ങളില്‍ പമ്ബയില്‍ നിന്ന് തന്നെ ഭക്തരെ തടയേണ്ടി വരുന്നുണ്ട്. ഇന്ന് മാത്രം ഉച്ചയ്ക്ക് ഒരു മണി വരെ 40,000ലേറെ പേർ ദർശനം നടത്തി. അതേസമയം സത്രം പുല്ലുമേട് കാനനപാത വഴിയുള്ള പ്രവേശന സമയം ഒരു മണിക്കൂർ കൂടി കൂട്ടാൻ ധാരണയായിട്ടുണ്ട്. നിലവില്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കാനന പാതയിലേക്ക് പ്രവേശിക്കാനാവുക. സത്രത്തിലേക്കുള്ള കെഎസ്‌ആർടിസി ബസ് എത്തുന്നത് 1. 20 നാണ്. ഇത് പരിഗണിച്ചാണ് രണ്ട് മണി വരെ കാനന പാതയിലേക്ക് പ്രവേശനം അനുവദിക്കാൻ ധാരണയായത്.