തിരുവനന്തപുരം : രഞ്ജി ട്രോഫി ഈ സീസണിലെ റണ്‍വേട്ടക്കില്‍ രണ്ടാം സ്ഥാനത്തെത്തി കേരളത്തിന്റെ സച്ചിന് ബേബി. ഇന്ന് ബംഗാളിനെതിരെ സെഞ്ചുറി നേടിയതോടെയാണ് സച്ചിന് രണ്ടാമതെത്തിയത്. 35കാരന് ഇപ്പോഴും 110 റണ്‍സുമായി ക്രീസിലുണ്ട്. സീസണിലൊന്നാകെ പത്ത് ഇന്നിംഗ്സില്‍ നിന്ന് 652 റണ്‍സാണ് സച്ചിന് നേടിയത്. അസമിനെതിരെ നേടിയ 131 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും സച്ചിന് നേടി. 93.14 ശരാശരിയിലാണ് സച്ചിന്റെ നേട്ടം.
ആറ് ഇന്നിംഗ്സില്‍ നിന്ന് 679 റണ്‍സ് നേടിയ തമിഴ്നാട് താരം എന്‍ ജഗദീഷനാണ് ഒന്നാമന്. 321 റണ്‍സാണ് ജഗദീഷന്റെ മികച്ച സ്കോര്‍ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും താരം നേടി. ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്ത്. ഒൻപത് ഇന്നിംഗ്സില്‍ നിന്ന് സൗരാഷ്ട്ര താരം നേടിയത് 648 റണ്‍സാണ്. ഇന്നും പൂജാര സെഞ്ചുറി നേടിയിരുന്നു. പുറത്താവാതെ നേടിയ 243 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും പൂജാരയ്ക്കുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്തര്‍ പ്രദേശിനെതിരെ 38 റണ്‍സ് നേടികൊണ്ടാണ് സച്ചിന് സീസണ് തുടങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ ഒരു റണ്‍സുമായി പുറത്താവാത നിന്നു. രണ്ടാം മത്സരത്തില്‍ അസമിനെതിരെ 35കാരന് സെഞ്ചുറി നേടി. 135 റണ്‍സായിരുന്നു സമ്പാദ്യം. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനെത്തിയില്ല. മുംബൈക്കെതിരെ ആദ്യ ഇന്നംഗ്സില്‍ 65 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 12 റണ്‍സിനും പുറത്തായി. പിന്നീട് നാലാം മത്സരത്തില്‍ ബിഹാറിനെതിരെ ഒരു റണ്‍സിന് പുറത്ത്. എന്നാല്‍ രണ്ടാം ഇന്നിംഗിസില്‍ പുറത്താവാതെ 109 റണ്‍സ് നേടി.
ഛത്തീസ്ഗഡിനെതിരെ രണ്ട് ഇന്നിംഗ്സുകളിലും 90കളിലാണ് താരം മടങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ 91 റണ്‍സ് നേടിയ താരം, രണ്ടാം ഇന്നിംഗ്സില്‍ 94 റണ്‍സും നേടി.ഇന്ന് ബംഗാളിനെതിരെ ഇതുവരെ 220 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 10 ഫോറും നേടിയിട്ടുണ്ട്. നാളെ ഒന്നാമതെത്താനുള്ള അവസരവും സച്ചിനുണ്ട്. എന്നാല്‍ കര്‍ണാടകയക്കെതിരെ കളിക്കുന്ന തമിഴ്നാട് താരം ജഗദീഷന് ബാറ്റ് ചെയ്യാനുള്ളതിനാല്‍ സ്കോര്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയേക്കും. രാജസ്ഥാനെതിരെ പൂജാര 110ന് പുറത്തായിരുന്നു.