ബെംഗളൂരു : സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്‍റെ കലാശപ്പോരിന് ഇന്ത്യ നാളെയിറങ്ങും. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കുവൈത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ എതിരാളി. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
ടൂര്‍ണമെന്‍റില്‍ ഒൻപതാം കിരീടം ലക്ഷ്യമിട്ടാണ് സുനില്‍ ഛേത്രിയുടെ സംഘം ബൂട്ടുകെട്ടുന്നത്. വാശിയേറിയ സെമി ഫൈനല്‍ മത്സരത്തില്‍ ലെബനനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് മറികടന്നാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിയാതിരുന്നതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് എത്തിയത്. ഇന്ത്യയ്‌ക്കായി കിക്കെടുത്ത നാല് താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍ ലെബനന്‍റെ ഒരു കിക്ക് ഗോളി ഗുര്‍പ്രീത് തടുത്തിടുകയും മറ്റൊന്ന് പാഴായി പോവുകയുമായിരുന്നു. മറുവശത്ത് ബംഗ്ലാദേശിന്‍റെ കനത്ത വെല്ലുവിളി മറികടന്ന് ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയം നേടിയാണ് കുവൈത്ത് എത്തുന്നത്. മത്സരത്തിന്‍റെ അധിക സമയത്തായിരുന്നു കുവൈത്ത് തങ്ങളുടെ വിജയ ഗോള്‍ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൂര്‍ണമെന്‍റില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ കുവൈത്തിനെ നേരിടുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഇരു സംഘവും 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ആദ്യം മുന്നിലെത്തിയ ഇന്ത്യയ്‌ക്ക് അവസാന നിമിഷത്തില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് മത്സരത്തില്‍ വിനയായത്. 2023-ല്‍ ഇന്ത്യ വഴങ്ങുന്ന ആദ്യ ഗോളായിരുന്നുവിത്. ഇതിന് മുന്നെ കളിച്ച എട്ട് മത്സരങ്ങളിലും ബ്ലൂ ടൈഗേഴ്‌സ് ഗോള്‍ വഴങ്ങിയിരുന്നില്ല. ആര്‍ത്തിരമ്ബുന്ന സ്വന്തം കാണികള്‍ക്ക് മുന്നില്‍ കുവൈത്തിനെതിരെ വീണ്ടും ഇറങ്ങുമ്ബോള്‍ ഇന്ത്യയ്‌ക്ക് മുന്‍ തൂക്കമുണ്ട്. സന്ദേശ് ജിങ്കന്‍റെ തിരിച്ചുവരവ് ഇന്ത്യയുടെ പ്രതിരോധക്കോട്ടയുടെ കരുത്ത് വര്‍ധിപ്പിക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാൻ, കുവൈത്ത് എന്നിവര്‍ക്കെതിരെ രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ ലെബനനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തില്‍ ജിങ്കന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജിങ്കന് പകരക്കാരനായെത്തിയ അൻവര്‍ അലി ലെബനനെതിരെ മികച്ച പ്രകടനംകാഴ്‌ചവച്ചിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നും ഫോം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും എതിരാളികളുടെ വലയില്‍ പന്തെത്തിക്കാന്‍ ഛേത്രിക്ക് കഴിഞ്ഞിരുന്നു. ഒരു ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോളടിച്ച താരം നിലവില്‍ ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററാണ്. ലെബനനെതിരെ ഗോളടിക്കാനായില്ലെങ്കിലും ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ച 38-കാരന്‍ ഇന്ത്യയ്‌ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. കുവൈത്തിനെതിരെ ഛേത്രിക്ക് മിന്നാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ കുവൈത്ത് വിയര്‍ക്കുമെന്നുറപ്പ്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ക്കൊപ്പം മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവരുടെ പ്രകടനവും ടീമിന് നിര്‍ണായകമാവും.
അച്ചടക്ക നടപടി നേരിടുന്ന ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക് ഈ മത്സരത്തിലും ഇന്ത്യയുടെ ഡഗ് ഔട്ടിലുണ്ടാവില്ല. രണ്ട് റെഡ് കാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സ്റ്റിമാകിന് ഗ്യാലറിയില്‍ ഇരിക്കേണ്ടി വന്നത്. ഇതോടെ അസിസ്റ്റന്‍റ് കോച്ച് മഹേഷ് ഗാവ്‌ലിയ്‌ക്ക് കീഴിലാവും ഈ മത്സരത്തിലും ഇന്ത്യ ഇറങ്ങുക.