ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന അണ്ടർ 19 വനിത ഫുട്ബാള്‍ ചാമ്പ്യൻഷിപ്പ് ഫൈനലില്‍ അസാധാരണ നടപടികള്‍. ഇന്ത്യ-ബംഗ്ലാദേശ് കലാശപ്പോരാണ് വിവാദമായത്.ഒടുവില്‍ ഇരുടീമിനെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു.
കളി നിശ്ചിത സമയത്ത് 1-1 ന് സമനിലയായിരുന്നു. മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ സബാനിയുടെ ഗോളിലൂടെ ഇന്ത്യ ലീഡെടുത്തു. ഒരു ഗോളിന്റെ ലീഡുമായി കളി രണ്ടാം പകുതിയിലെ അവസാന മിനിറ്റുകളിലേക്ക് എത്തിയപ്പോഴാണ് ബംഗ്ലാദേശിന്റെ മറുപടി ഗോള്‍ എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധിക സമയത്തും തുല്യത പാലിച്ചതോടെ കളി പെനാല്‍റ്റിയിലേക്ക് നീങ്ങി. ടൈ ബ്രേക്കറിലും സമനില തന്നെയായിരുന്നു. ഇരുടീമിലെയും ഗോള്‍കീപ്പർ ഉള്‍പ്പെടെ 11 കളിക്കാരും ഗോള്‍ കണ്ടെത്തി. തുടർന്നും ടൈ ബ്രേക്കറില്‍ തുടരണമായിരുന്നെങ്കിലും റഫറി ഉടൻ തന്നെ ടോസ് വിളിക്കുകയായിരുന്നു. ടോസ് ഇന്ത്യക്ക് ലഭിക്കുകയും ഇന്ത്യൻ ടീം അംഗങ്ങള്‍ വിജയമാഘോഷിക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് താരങ്ങള്‍ പ്രതിഷേധം തുടങ്ങി. ഗ്യാലറിയില്‍ കാണികളും പ്രതിഷേധിക്കാൻ തുടങ്ങി. ആരാധകർ കുപ്പികള്‍ മൈതാനത്തേക്ക് എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാര്യങ്ങള്‍ വ്യക്തമായിരുന്നില്ല. തുടർന്ന് നേരത്തെ ടോസ് തീരുമാനമെടുത്ത മാച്ച് കമ്മീഷണർ വിധി മാറ്റി ഇന്ത്യയെയും ബംഗ്ലാദേശിനെയും സംയുക്ത വിജയികളായി പ്രഖ്യാപിച്ചു. ഈ തീരുമാനം ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ അംഗീകരിക്കുകയും ചെയ്തതോടെ വിവാദങ്ങള്‍ അവസാനിച്ചു.