പുതുപ്പള്ളി : മണിച്ചിത്രത്താഴ് സിനിമയിൽ ഗംഗയ്ക്ക് സാധിക്കാത്തതായി ഒന്നും തന്നെയില്ല. നാഗവല്ലിയായി മാറുമ്പോഴാണ് ഗംഗയ്ക്ക് അതിന് കഴിഞ്ഞിരുന്നതെങ്കിൽ പുതുപ്പള്ളി സ്വദേശി പ്ലസ് ടു വിദ്യാർത്ഥിനി ഗംഗ അങ്ങനെയല്ല. കലയിലും , സാഹിത്യത്തിലും പഠനത്തിലും തുടങ്ങി കൈ വയ്ക്കുന്ന എല്ലാ മേഖലകളിലും മികവ് പുലർത്തുകയാണ് കെ ബി ഗംഗാലക്ഷ്മിയെന്ന കൊച്ചു മിടുക്കി. പുതുപ്പള്ളി എടാട്ട് വീട്ടിൽ ബിനുകുമാർ, ഷീന ദമ്പതികളുടെ മകളാണ് മൌണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു കോമേഴ്സ് വിദ്യാർത്ഥിനിയായ ഗംഗ.
അമ്മ ഷീനയോടൊത്ത് രണ്ടാം ക്ലാസ് മുതൽ തന്നെ ശിങ്കാരി മേളത്തിൽ ഇലത്താളം കൊട്ടിയായിരുന്നു ഗംഗയുടെ കലാ ജീവിതത്തിന്റെ തുടക്കം. ഒപ്പം സംഗീതം, നാടൻ പാട്ട് , സെമി ക്ലാസിക്കൽ ഡാൻസ് , ഉപകരണ സംഗീതം എന്നിവയിലും മികവ് പുലർത്തി. പക്ഷെ ഇവയൊന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്നതാണ് ഗംഗയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കലാ-ഉത്സവ് 2022-23 ന്റെ ഭാഗമായി മലപ്പുറത്തു വച്ചു നടത്തപ്പെട്ട സംസ്ഥാന തല മത്സരത്തിൽ ഉപകരണ സംഗീതത്തിൽ (നാടോടി) ഒന്നാം സ്ഥാനവും ഭുവനേശ്വറിൽ നടക്കുന്ന ദേശീയ തല മത്സരത്തിനായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് ഒടുവിലായി ഗംഗാലക്ഷ്മിയെ തേടിയെത്തിയ നേട്ടം. മറ്റിതര കലാ ഇനങ്ങളിലും സാഹിത്യത്തിലും മികവ് പുലർത്തുമ്പോഴും ഒപ്പം പഠനത്തിലും ഒരേപോലെ മുന്നിട്ട് നിൽക്കുകയാണ് ഗംഗ.