തിരുവനന്തപുരം : നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണ്. കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേര്‍ക്കാന്‍ പോലും ഇത്തരം സങ്കുചിത ചിന്തകളും കൊണ്ട് നടക്കുന്നവര്‍ക്ക് യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരിയായി അന്തര്‍ലീനമായുള്ള ജാതിചിന്ത കൂടെയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നത്.
മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി ഉള്ളയാളും എം.ജി സര്‍വകലാശാലയില്‍ നിന്നും എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആർഎല്‍വി രാമകൃഷ്ണന്. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എല്ലാ അവകാശങ്ങള്‍ക്കും വേണ്ടി പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ് കേരളത്തിനുള്ളത്. കല ആരുടേയും കുത്തകയല്ല. ആര്.എല്‍.വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്.എല്‍.വി രാമകൃഷ്ണനോടും സാംസ്കാരിക കേരളത്തോടും മാപ്പ് പറയണം.