തിരുവനന്തപുരം : സജി ചെറിയാനെ കൈവിടാതെ പാർട്ടി നേതൃത്വം. ഭരണഘടനയെ വിമർശിച്ചുളള പ്രസംഗത്തില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പാർട്ടി സജി ചെറിയാനൊപ്പമാണ്. ഒരിക്കല്‍ രാജിവെച്ച സാഹചര്യത്തില്‍ ഇനി രാജിവേണ്ടെന്ന നിലപാടിലാണ് സിപിഎം. ഭരണഘടനയെ വിമർശിച്ചുളള പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്ക്കാൻ മന്ത്രി സജി ചെറിയാൻ നീക്കം തുടങ്ങിയിട്ടുണ്ട്.
തേർഡ് പാർട്ടി അപ്പീല്‍ നല്‍കാമെന്ന ഉപദേശമാണ് ഡയറക്ടർ ജനറല്‍ ഓഫ് പ്രൊസിക്യൂഷൻ നല്‍കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നാണ് സജി പറയുന്നത്. രാജി വെക്കില്ലെന്നാണ് സജി ചെറിയാന്റെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിള്‍ബെഞ്ച്, തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.