ഹൈദരാബാദ്: 2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു. എന്നാല്‍ പലരും സലാർ 2 എന്നു വരും എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാർ 2 ഉടൻ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അതിന്‍റെ ഷൂട്ടിംഗ് റിലീസ് സൂചനകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
ഈ മാസം പ്രഭാസ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം. ആദ്യ ഷെഡ്യൂളില്‍ 10 ദിവസത്തെ ഷൂട്ടിംഗാണ് ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. പ്രശാന്തും അദ്ദേഹത്തിന്‍റെ ടീമും സലാർ 2 ന്‍റെ സ്ക്രിപ്റ്റ് ആദ്യ ഭാഗത്തിന് ലഭിച്ച പ്രതികരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി ചില തിരുത്തലുകള്‍ വരുത്തിയെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈദരാബാദിൽ 10 ദിവസത്തെ ഷെഡ്യൂളില്‍ പ്രഭാസും പൃഥ്വിരാജും ഉണ്ടാകും എന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്വില്ല റിപ്പോര്‍ട്ട്. ആദ്യഭാഗത്തിന് ലഭിച്ച പ്രതികരണത്താല്‍ ചിത്രം വൈകും എന്നും, ഉപേക്ഷിച്ചു എന്നു പോലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം തള്ളുന്നതാണ് പുതിയ വാര്‍ത്ത.
സലാർ 2 വിൻ്റെ ഒരു പ്രധാന ഭാഗം ഈ വർഷം ചിത്രീകരിക്കുമെന്നും ബാക്കി ഭാഗങ്ങൾ 2025 ആദ്യ പാദത്തിൽ ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. റിലീസ് 2025 ഡിസംബര്‍ മാസത്തില്‍ ഉണ്ടാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. “ഹൈദരാബാദിലും ബാംഗ്ലൂരിന്‍റെ പ്രാന്തപ്രദേശങ്ങളിലുമാണ് പ്രശാന്ത് നീൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുക. ചിത്രത്തില്‍ പ്രഭാസും പൃഥ്വിരാജും തമ്മിലുള്ള പോരാട്ടമാണ് സലാർ 2 ൽ യഥാർത്ഥ കഥ . അതിന്‍റെ ഭാഗമായി പുതിയ കഥാപാത്രങ്ങള്‍ അടക്കം കഥയിലേക്ക് വരും” ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തത്തെ ഉദ്ധരിച്ച് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നു.