മുംബൈ: തന്‍റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ സല്‍മാൻ ഖാൻ നല്‍കിയ മൊഴി പുറത്ത്. ഏപ്രില്‍ 14 ന് പുലർച്ചെയാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത് എന്ന് മൊഴിയില്‍ സല്‍മാൻ പറഞ്ഞു, തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചത് എന്ന് സല്‍മാന്‍ പറഞ്ഞു. പുലർച്ചെ 4:55 ഓടെ മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ വെടിയുതിർത്തതായി വീട്ടില്‍ കാവല്‍ നിന്നിരുന്ന പൊലീസ് സുരക്ഷ ഗാര്‍ഡുമാര്‍ അറിയിച്ചു. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ടെന്നും സല്‍മാൻ മൊഴിയില്‍ പറയുന്നു.
വെടിവെപ്പ് സംബന്ധിച്ച് സല്‍മാന്‍റെ പേഴ്സണല്‍ അംഗരക്ഷകൻ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട്, ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയും സഹോദരൻ അൻമോല്‍ ബിഷ്‌ണോയിയും ഫേസ്ബുക്ക് പോസ്റ്റില്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നതും താന്‍ കണ്ടിരുന്നുവെന്ന് പൊലീസിന് അക്രമം നടന്ന് രണ്ട് ദിവസത്തിന് ശേഷം നല്‍കിയ മൊഴിയില്‍ സല്‍മാന്‍ പറയുന്നു. തന്നെയും ബന്ധുക്കളെയും കൊല്ലുമെന്ന് ലോറൻസ് ബിഷ്‌ണോയിയും സംഘവും നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സല്‍മാന്‍ മൊഴിയില്‍ പറയുന്നു. അടുത്ത കാലത്തായി തനിക്കും കുടുംബത്തിനും മറ്റ് നിരവധി ഭീഷണികളും ലഭിച്ചിട്ടുണ്ടെന്ന് സല്‍മാന്‍ പോലീസിനോട് പറഞ്ഞു.