അയോധ്യ : ഉത്തർ പ്രദേശിലെ അയോധ്യയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ പ്രധാന പ്രതിയായ സമാജ്വാദി പാർട്ടി നേതാവിന്റെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. അയോധ്യ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. സമാജ്വാദി പാർട്ടി നേതാവ് മൊയീദ് ഖാന്റെ വീടാണ് തകർത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ബേക്കറി നേരത്തെ അധികൃതർ അടച്ചു പൂട്ടിയിരുന്നു.
മൊയീദ് ഖാനും ബേക്കറിയിലെ ജീവനക്കാരനും ചേർന്ന് പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ ആവർത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി നിലവില്‍ ഗർഭിണിയാണ്. രക്ഷിതാക്കളുടെ പരാതിയിലാണ് യുപി പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചിരുന്നു. സമാജ്വാദി പാർട്ടി ക്രമിനലുകളെ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കേസില്‍ ഡിഎൻഎ പരിശോധന നടത്തണമെന്നും, കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.