ദില്ലി: കോണ്‍ഗ്രസിനെതിരെ വിമർശനം തുടർന്ന് സമാജ് വാദി പാര്‍ട്ടി. ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ കൂടുതല്‍ കിട്ടില്ലെന്ന് സമാജ് വാദി പാർട്ടി എംപി രാം ഗോപാല്‍ യാദവ് പറഞ്ഞു. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റാണ്, ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പ്രവചനങ്ങള്‍ പാളിയിട്ടുണ്ട്. കോണ്‍ഗ്രസാണ് ബിജെപി വിജയിക്കുന്നതിന് കാരണമെന്ന് നേരത്തെ രാം ഗോപാല്‍ യാദവ് ആരോപിച്ചിരുന്നു
ദില്ലിയില്‍ ബിജെപി കൊടുങ്കാറ്റാണെന്നാണ് ഇന്നലെ പുറത്തുവന്ന മൂന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളടക്കം കൃത്യമായി പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ ബിജെപി 70 ല്‍ 44 മുതല്‍ 55 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. 48 ശതമാനം വോട്ടും ബിജെപി നേടും. ടുഡേയ്സ് ചാണക്യ ഒരു പടികൂടി കടന്ന് ബിജെപി 57 സീറ്റുകള്‍വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. രണ്ട് ഏജൻസികളും എഎപി 25 വരെ സീറ്റില് ഒതുങ്ങുമെന്ന് പ്രവചിച്ചു. സിഎൻഎക്സ് 49 മുതല്‍ 61 സീറ്റുകള്‍ വരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഎപി 10 മുതല്‍ 19 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന എല്ലാ പ്രവചനങ്ങളും, പരമാവധി 3 സീറ്റാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.
അതേസമയം പ്രവചനങ്ങളില്‍ നിരാശരായ എഎപി ക്യാമ്പ് എക്സിറ്റ് പോളുകള്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണെന്ന വാദമാണ് ഉയർത്തുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു.