ലോക്സഭ തിരഞ്ഞെടുപ്പ് ; കേരളത്തിൽ സമാജ് വാദി പാർട്ടിയുടെ പിന്തുണ യുഡിഎഫിന്

കൊച്ചി : ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സമാജ്‍വാദി പാർട്ടിയുടെ പിന്തുണ യുഡിഎഫിന്. ലഖ്നൗവില്‍ ചേർന്ന ‌യോഗത്തിലാണ് തീരുമാനമായതെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു. കേരളത്തില്‍ യുഡിഎഫിനെ പിന്തുണക്കാൻ യോഗത്തില്‍ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് നിർദ്ദേശം നല്‍കിയതായി സമാജവാദി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സജി പോത്തൻ തോമസ് അറിയിച്ചു.

Advertisements

കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സഖ്യത്തിലെ രണ്ടാമത്തെ കക്ഷി എന്ന നിലയ്ക്ക് കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും വിജയത്തിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുത്താണ് സമാജവാദി പാർട്ടി ഉത്തർപ്രദേശില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതെന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിച്ച്‌ ഇന്ത്യ മുന്നണിയുടെ വിജയം ഉറപ്പാക്കുന്നതിന് സമാജ് വാദി പാർട്ടിയുടെ എല്ലാ മുന്നണി പോരാളികളും രംഗത്തിറങ്ങുമെന്നും തോമസ് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയിലുള്ള പിന്തുണ അറിയിച്ചുകൊണ്ടുള്ള പാർട്ടിയുടെ ഔദ്യോഗിക കത്ത് യുഡിഎഫ് ചെയർവാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന് കൈമാറിയതായി സജി പോത്തൻ തോമസ് പറഞ്ഞു. സമാജ് വാദി പാർട്ടി നിയുക്ത ദേശീയ സെക്രട്ടറി ആർ എസ് പ്രഭാത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി സുകേശൻ നായർ ,ബെൻ ഇണ്ടികാട്ടില്‍, എൻ വൈ ഗ്രേഷ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles