മലപ്പുറം: സമസ്ത തർക്കത്തില്‍ പരസ്യ ഖേദപ്രകടനവുമായി ലീഗ് വിരുദ്ധ പക്ഷം രംഗത്ത്. സമുദായിക രംഗത്തും സംഘടനാ രംഗത്തും ഐകൃത്തോടെ മുന്നോട്ട് പോവുന്നതിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാണെന്ന് ലീഗ് വിരുദ്ധ പക്ഷക്കാരായ ഉമർ ഫൈസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറിയിച്ചു. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, സമസ്ത മുശാവറ മെമ്ബർ വാക്കോട് മൊയ്തീൻകുട്ടി മുസ്‌ല്യാർ, എസ് വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടു പാറ, എസ് കെഎസ്‌എസ്‌എഫ് സംസ്ഥാന മുൻ ജനറല്‍ സെക്രട്ടറി സത്താർ പന്തലൂർ എന്നിവർ വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സംഘടനാ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ നേതാക്കള്‍ ശ്രമം തുടർന്ന് വരികയാണ്. അതിനിടെ ചില പ്രസംഗങ്ങളിലുള്ള പരാമർശങ്ങള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സംബന്ധിച്ചാണെന്ന മാധ്യമസൃഷ്ടി തങ്ങള്‍ക്ക് വേദന ഉണ്ടാക്കുകയും അതിന് ചില പ്രസംഗങ്ങള്‍ കാരണമാവുകയും ചെയ്തതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. സംഘടനാ രംഗത്തെ പ്രയാസങ്ങള്‍ പരിഹരിക്കാൻ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുൻകയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചർച്ച നടത്തിയത്. യോഗ തീരുമാനപ്രകാരമാണ് തുടർന്ന് വാർത്താ സമ്മേളനം നടത്തിയതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില പരാമർശങ്ങളില്‍ സാദിഖലി തങ്ങള്‍ക്ക് പ്രയാസമുണ്ടായെന്നും അതെല്ലാം വിശദമായി സംസാരിച്ച് പരിഹരിച്ചുവെന്നും അതില്‍ ദു:ഖമുണ്ടെന്നും വാർത്ത സമ്മേളനത്തിലും പറഞ്ഞിരുന്നു. ചർച്ചയിലെ അന്തിമ തീരുമാനവും ഇത് തന്നെയായിരുന്നു. എന്നാല്‍ സംഘടനക്കകത്തും സമുദായത്തിനകത്തും ഐക്യം അനിവാര്യമാണെന്നത് കൊണ്ട് സംഘടനാപരമായ ഏത് വിട്ടുവീഴ്ചക്കും ഖേദപ്രകടനത്തിനും ഇനിയും തയ്യാറാണെന്നും ലീഗ് വിരുദ്ധ പക്ഷം വാർത്താ കുറിപ്പില്‍ പറയുന്നു.