ജയ്പൂർ: കേരളത്തിന്റെ ആദ്യ ഐപിഎല്‍ ഇതിഹാസം, ഇനിയാ ബഹുമതി രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണിന് പതിച്ചുനല്‍കാം.ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4000 റണ്‍സ് പിന്നിട്ട എലൈറ്റ് ബാറ്റർമാരുടെ പട്ടികയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ഇടംപിടിച്ചു. ഐപിഎല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ തന്റെ ആദ്യ ബൗണ്ടറി നേടിയതോടെയാണ് സഞ്ജു ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗിലെ നാലായിരം റണ്‍സ് ക്ലബില്‍ എത്തിയത്. റോയല്‍സ് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ യഷ് ദയാലിനെതിരെ സ്ക്വയറിലൂടെ ഫോർ നേടിയായിരുന്നു സഞ്ജു നാഴികക്കല്ലിലേക്ക് കുതിച്ചത്.
ഐപിഎല്ലില്‍ നാളിതുവരെ 16 താരങ്ങളാണ് നാലായിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ളത്. എന്നാല്‍ മൂന്നേ മൂന്ന് പേർക്ക് മാത്രമേ സഞ്ജു സാംസണിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 137.23 പ്രഹരശേഷിയിലാണ് സഞ്ജു 4000 റണ്‍സ് തികച്ചത്. അതേസമയം ഇതിഹാസ താരങ്ങളായ എ ബി ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്ല് (148.96), ഡേവിഡ് വാർണർ (140.00) എന്നിങ്ങനെയാണ് സഞ്ജുവിന് മുന്നിലുള്ള മൂവരുടെയും സ്ട്രൈക്ക് റേറ്റ്. പ്രഹരശേഷിയില്‍ രോഹിത് ശർമ്മയും വിരാട് കോലിയും അടക്കമുള്ള ജീനിയസുകള്‍ക്ക് മുകളിലാണ് എന്നത് ട്വന്റി 20 ഫോർമാറ്റില്‍ നടക്കുന്ന ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ കണക്കിലെ തൂക്കം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഇതുവരെ 152 ഇന്നിംഗ്സുകളില്‍ 29.77 ശരാശരിയിലും 137.31 സ്ട്രൈക്ക് റേറ്റിലും 4066 റണ്‍സ് സഞ്ജു സാംസണ് നേടിക്കഴിഞ്ഞു. മൂന്ന് സെഞ്ചുറികളും 22 ഫിഫ്റ്റികളും മലയാളി താരത്തിന്റെ പേരിലുണ്ട്. 29.90 ആണ് ബാറ്റിംഗ് ശരാശരി എങ്കില്‍ 137.74 സ്ട്രൈക്ക് റേറ്റുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ സഞ്ജു 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 69 റണ്‍സെടുത്ത് രണ്ടാമനായി മടങ്ങി.