പോർട്ട് ഓഫ് സ്‌പെയിൻ: മലയാളി ക്രിക്കറ്റ് പ്രേമികൾ ആറ്റുനോറ്റ് കാത്തിരുന്നു കിട്ടിയ ആദ്യ അവസരത്തിൽ തങ്ങളുടെ പ്രിയ താരത്തിന്റെ പ്രകടനത്തിൽ നിരാശ. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിൽ ഇടം കിട്ടിയ സഞ്ജു പക്ഷേ, ബാറ്റിംങിൽ നിരാശപ്പെടുത്തി. പതിവിന് വിപരീതമായി അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു, 18 പന്തുകളിൽ 12 റൺ എടുത്താണ് മടങ്ങിയത്. ഒരു സിക്‌സ് പറത്തിയെങ്കിലും ബാറ്റിംങിൽ സഞ്ജുവിന് ട്രാക്കിലെത്താനായില്ല. ഈ നിരാശയിൽ അടുത്ത മത്സരത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുമോ എന്ന ആശങ്കയിലാണ് മലയാളികൾ.
മത്സരത്തിൽ ടോസ് നേടിയ വിൻഡിസ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഓപ്പണർ മാരായി ഇറങ്ങിയ ധവാനും (97), ജില്ലും (64) ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. വൺ ഡൗണായി സഞ്ജുവിനെ പ്രതീക്ഷിച്ച ആരാധകർക്കു മുന്നിലേയ്ക്ക് ശ്രേയസ് അയ്യരാണ് എത്തിയത്. അയ്യരും (54) പതിവ് പോലെ മികച്ച രീതിയിൽ തന്നെ ബാറ്റ് വീശി. എന്നാൽ, പിന്നീട് എത്തിയ സൂര്യകുമാർ യാദവും (13), സഞ്ജു സാംസണും (12) നിരാശപ്പെടുത്തി. 27 റണ്ണെടുത്ത ഹൂഡയും, 21 റണ്ണെടുത്ത അക്‌സർ പട്ടേലും മാത്രമാണ് അൽപമെങ്കിലും പ്രതീക്ഷ നൽകിയത്. ഇതോടെ ഇന്ത്യ 50 ഓവറിൽ 308 എന്ന മാന്യമായ സ്‌കോർ സ്വന്തമാക്കി. ഇതിനിടെ ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ നഷ്ടമായിരുന്നു.