“2020 ല്‍ താന്‍ എഴുതിയ “തീയാട്ടം” എന്ന തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച് എടുത്തിരിക്കുന്ന സിനിമ”; തുടരും സിനിമയ്ക്ക് എതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

വന്‍ വിജയം നേടിയ തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ മൗലികതയെ ചോദ്യം ചെയ്ത് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. 2020 ല്‍ താന്‍ എഴുതിയ തീയാട്ടം എന്ന തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച് എടുത്തിരിക്കുന്ന സിനിമയാണ് തുടരുമെന്ന് സനല്‍കുമാര്‍ ആരോപിക്കുന്നു. മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവര്‍ അഭിനയിക്കേണ്ട ചിത്രമായിരുന്നു അതെന്നും തീയാട്ടം എന്ന തിരക്കഥ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുമെന്നും സനല്‍കുമാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സനല്‍കുമാറിന്‍റെ പ്രതികരണം.

Advertisements

സനല്‍കുമാര്‍ ശശിധരന്‍റെ കുറിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പോലീസ് കുടുക്കുന്നതാണ് കഥ. “കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി. 

മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

അതേസമയം തുടരും സിനിമയുടെ കഥ കെ ആര്‍ സുനില്‍ നിര്‍മ്മാതാവായ രജപുത്ര രഞ്ജിത്തിനോട് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണെന്ന് ഇരുവരും ചിത്രത്തിന്‍റെ പ്രീ റിലീസ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനോടും ഏറെ മുന്‍പ് പറഞ്ഞ കഥയാണ് ഇതെന്നാണ് ടീം അറിയിച്ചിരുന്നത്. പല സംവിധായകരും വന്ന് പോയതിന് ശേഷമാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിന്‍റെ സംവിധായക കസേരയിലേക്ക് എത്തിയതെന്നും.

Hot Topics

Related Articles