ഹരാരെ (സിംബാബ്വെ): സിംബാബ്വെയുമായുള്ള മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസൺ ഹരാരെയിലെത്തി. ബുധനാഴ്ച നടക്കുന്ന മൂന്നാം ടി20-യിൽ സഞ്ജു കളിച്ചേക്കും. ശിവം ദുബെ, യശസ്വി ജയസ്വാൾ എന്നിവരും ടീമിനൊപ്പം ചേരും. സഞ്ജു ഉൾപ്പെടെയുള്ളവർ ഏതെല്ലാം പൊസിഷനുകളിലാണ് കളിക്കുക എന്നതിൽ വ്യക്തതയില്ല.ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ബാർബഡോസിൽ ഉണ്ടായ ചുഴലിക്കാറ്റ് ഇന്ത്യൻ ടീമംഗങ്ങളുടെ മടക്കയാത്രയ്ക്ക് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ജൂൺ 30-ന് കരീബിയ വിടാൻ തീരുമാനിച്ചിരുന്ന ഇന്ത്യക്ക് നാല് ദിവസത്തോളം അവിടെ തുടരേണ്ടി വന്നു. ഇതോടെ സഞ്ജു, ദുബെ, ജയ്സ്വാൾ എന്നിവരെ ആദ്യ രണ്ട് ടി20ക്കുള്ള ടീമിൽനിന്ന് മാറ്റി. മൂവരെയും നേരത്തേ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച ഡൽഹിയിൽ മടങ്ങിയെത്തിയ ടീമംഗങ്ങൾക്ക് മുംബൈയിൽ ബി.സി.സി.ഐ.യുടെ നേതൃത്വത്തിൽ വലിയ വിജയാഘോഷ പരിപാടിയും സ്വീകരണവും ഒരുക്കിയിരുന്നു. മറൈൻ ഡ്രൈവ് മുതൽ വാംഖഡെ സ്റ്റേഡിയം വരെ ഓപ്പൺ ബസിൽ വിക്ടറി പരേഡ് നടത്തുകയും ചെയ്തു. മുംബൈയിൽ വൻ ജനാവലിയാണ് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേരാനെത്തിയത്.