ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ബംഗ്ലാദേശ് ബൗളർമാരെ അക്ഷരാർഥത്തിൽ തല്ലിത്തകർക്കുകയായിരുന്നു സഞ്ജു സാംസൺ. തനിക്ക് നേരേ വരുന്ന ഓരോ പന്തുകളും വലിച്ചടിച്ച് ഗാലറിയിലെത്തിക്കാൻ വെമ്ബുന്ന മനസുമായായിരുന്നു കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ബാറ്റിങ്. ഒടുവിൽ 40-ാം പന്തിൽ ഇന്ത്യയ്ക്കായി ടി20 ജേഴ്‌സിയിലെ ആദ്യ സെഞ്ചുറി തികച്ച സഞ്ജു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യൻ താരത്തിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണ് സഞ്ജുവിന്റേത്.
മുൻ ക്യാപ്റ്റനും ഇതിഹാസതാരവുമായ എം.എസ് ധോനിക്കോ ഋഷഭ് പന്തിനോ പോലും സ്വന്തമാക്കാൻ സാധിക്കാതിരുന്ന നേട്ടമാണ് കഴിഞ്ഞ ദിവസം സഞ്ജു സ്വന്തമാക്കിയത്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ടി20-യിലെ ഉയർന്ന സ്‌കോറെന്ന നേട്ടവും നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി. 2022-ൽ ലഖ്‌നൗവിൽ ശ്രീലങ്കയ്‌ക്കെതിരേ 89 റൺസെടുത്ത ഇഷാൻ കിഷന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. ടി20-യിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ മൂന്നാമത്തെ ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന നേട്ടവും സഞ്ജുവിന്റെ പേരിലാണ്. 2022-ൽ ഡബ്ലിനിൽ അയർലൻഡിനെതിരേ സഞ്ജു 77 റൺസെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി20-യിൽ സെഞ്ചുറി നേടുന്ന 11-ാമത്തെ ഇന്ത്യൻ താരം കൂടിയാണ് സഞ്ജു. മാത്രമല്ല സുരേഷ് റെയ്‌ന, രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവർക്ക് ശേഷം ഏകദിനത്തിലും ടി20-യിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആറാമത്തെ താരവുമായി സഞ്ജു.
ബംഗ്ലാദേശിനെതിരേ സ്പിന്നർ റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ തുടർച്ചയായ അഞ്ചു പന്തുകളും സഞ്ജു സിക്‌സറിന് പറത്തിയിരുന്നു. മത്സരത്തിൽ 47 പന്തിൽ നിന്ന് 11 ഫോറും എട്ടു സിക്‌സുമടക്കം 111 റൺസാണ് സഞ്ജു അടിച്ചെടുത്തത്.