കൊടുക്കട്ടെ ഞാനൊന്ന് , അവൻ ജാഡ കാണിക്കുന്നത് കണ്ടില്ലേ ; മലയാളിയുടെ സ്വത്വബോധത്തെ ദേശീയ തലത്തിൽ പ്രകടിപ്പിച്ചവൻ ; ഇനിയും എരിഞ്ഞു തീരാത്ത അഗ്നി ഹൃദയത്തിൽ സൂക്ഷിച്ചവൻ ; ബാക്ക് ഫുട്ടിലും ഫ്രണ്ട് ഫുട്ടിലും അതിർത്തി വര താണ്ടുന്ന പന്തുകൾ നോക്കി ടി വി യിൽ നമുക്കും ആവേശം കൊള്ളാം ; എഴുന്ന് നിൽക്കുന്ന രോമത്തിലൂടെ വിരലുകൾ പായിച്ച് വെറുതെ എങ്കിലും നമുക്കും പറയാം മലയാളി അവൻ പൊളിയല്ലേ ; സഞ്ജു സാംസണിലെ ‘സൺ’ ജ്വലിച്ചു തുടങ്ങിയിട്ടേ ഉള്ളൂ…..

സ്പോർട്സ് ഡെസ്ക് : ഡൽഹിയിലെ പൊലീസ് ഗ്രൗണ്ട് ബാല്യകാലത്തിന്റെ സന്തോഷ നിമിഷങ്ങളാൽ നിറഞ്ഞു നിന്ന കാലം. ക്രിക്കറ്റും ഫുട്ബോളും മാത്രം കളിച്ചിരുന്ന കുട്ടികൾക്കിടയിൽ ആ അഞ്ചാം ക്ലാസുകാരന് ഇഷ്ടം ക്രിക്കറ്റിനോട് തന്നെയായിരുന്നു. ജേഷ്ടന്റെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് നാണത്തോടെ നടന്നടുത്ത പയ്യൻ പക്ഷേ പിന്നീട് ചരിത്രത്തിലേയ്ക്ക് തലയുയർത്തി നടന്നു നീങ്ങുകയായിരുന്നു. അച്ഛനൊപ്പം ഫുട്ബോൾ കളിക്കാൻ പോലീസ് ഗ്രൗണ്ടിൽ പോയിരുന്ന സഹോദരങ്ങൾ പക്ഷെ അവർക്ക് എന്നും പ്രിയം ക്രിക്കറ്റിനോടായിരുന്നു. ഡൽഹിയിൽ പോലീസ് കോൺസ്റ്റബിൾ ആയിരുന്ന പിതാവ് മക്കളുടെ താല്പര്യത്തിന് എതിരായിരുന്നില്ല. തന്റെ മൂത്ത മകൻ സാലിയുടെ കഴിവിൽ അച്ഛൻ സന്തുഷ്ടനായി. ക്രിക്കറ്റ് കളിയിൽ മക്കളുടെ താല്പര്യത്തെ സാംസൺ എന്ന പിതാവ് അകമഴിഞ്ഞ് പിന്തുണച്ചു. പക്ഷേ ആലയിൽ തീ ഊതി ഊതി തെളിഞ്ഞ ചുട്ടു പഴുത്ത ഇരുമ്പിനെ സാംസൺ കണ്ടിരുന്നില്ല. ജേഷ്ടന് മുകളിൽ കളിപാടവത്തിന്റെ പുത്തൻ ഇതിഹാസ കാവ്യങ്ങൾ ആ അനുജൻ അന്നേ എഴുതി ചേർത്തിരുന്നു.
ഇന്ന് വിജയവഴികളിൽ കനലെരിഞ്ഞ പാതയിലൂടെ നടന്നു വന്ന അയാളുടെ ഉള്ളിൽ കുട്ടിക്കാലത്തുയർന്ന അതേ ആവേശം കെട്ടടങ്ങാതെ അവശേഷിച്ചിരിക്കാം. മലയാളിയുടെ അഭിമാന നിമിഷങ്ങളിൽ അയാൾ എല്ലാ കാലത്തും ചേർത്ത് വയ്ക്കപ്പെടുക തന്നെ ചെയ്യും അതേ സഞ്ജു സാംസൺ ഇവിടെ തുടങ്ങുകയാണ് നിന്റെ ജൈത്ര യാത്രയുടെ പുതിയ ഗാഥകൾ .

Advertisements

ഐപിഎല്ലിലൂടെ ലോക ക്രിക്കറ്റില്‍ ശ്രദ്ധേയനായ കളിക്കാരനാണ് സഞ്ജു സാംസണ്‍. ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ കഴിവു തെളിയിച്ച ഈ മലയാളി താരം ഇന്ത്യന്‍ ടീമിലും സാന്നിധ്യം ഉറപ്പാക്കി. 2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പരിമിത ഓവര്‍ ടീമില്‍ സഞ്ജു അംഗമായിരുന്നു. ലോകത്തെ ഏത് ബൗളര്‍മാര്‍ക്കെതിരെയും കൂറ്റന്‍ സിക്‌സറുകള്‍ പായിക്കാന്‍ കഴിവുള്ള അപൂര്‍വം ഇന്ത്യന്‍ താരങ്ങളിലൊരാള്‍ കൂടിയാണ് സഞ്ജു സാംസണ്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് ദേശീയ ക്രിക്കറ്റിൽ മലയാളികളുടെ അഭിമാനമുയർത്തിയ താരമാണ് സഞ്ജു. 1994 നവംബര്‍ 11ന് ജനിച്ച സഞ്ജു ഡല്‍ഹിയില്‍ പിതാവിന്റെ ജോലി സ്ഥലത്താണ് ക്രിക്കറ്റില്‍ പിച്ചവെച്ചത്. പിന്നീട് ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ദേശീയ തലത്തിലേക്ക് വളര്‍ന്നുവന്നു. 2013ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായി. രഞ്ജി ട്രോഫിയിലും ഐപിഎല്ലിലും ഒട്ടേറെ റെക്കോര്‍ഡുകള്‍ സഞ്ജുവിന്റെ പേരിലായുണ്ട്.

ഐപിഎല്‍ 2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജുവിനെയാണ് തെരഞ്ഞെടുത്തത്. 2013 സീസണിലായിരുന്നു ഐപിഎല്ലിലെ അരങ്ങേറ്റം. രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറി ആദ്യ സീസണില്‍ തന്നെ മികച്ച യുവ കളിക്കാരനുള്ള ബഹുമതി നേടി. ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനാണ്. രഞ്ജിയില്‍ കേരളത്തിനായി ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് സഞ്ജു. 2014ല്‍ ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളിയെത്തിയെങ്കിലും 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.

സഞ്ജുവിന്റെയും ജ്യേഷ്ഠൻ സലിയുെടയും വിദ്യാഭ്യാസകാലം തുടങ്ങുന്നത് ഡൽഹിയിലാണ്. അച്ഛൻ സാംസൺ വിശ്വനാഥിന് ഡൽഹി പോലീസിലായിരുന്നു ജോലി. സേനയുടെ ഫുട്ബോൾ ടീമിൽ അദ്ദേഹം അംഗവുമായിരുന്നു.
സലിക്കും സഞ്ജുവിനും ഒന്നര വയസ്സിന്റെ വ്യത്യാസമാണുള്ളത്. ഡൽഹി കിങ്സ്വേ ക്യാമ്പിലുള്ള പോലീസ് കോളനിയിലായിരുന്നു കുടുംബത്തിന്റെ താമസം.കോളനിക്കടുത്തുള്ള റോസരി സ്കൂളിലാണ് സാംസൺ മക്കളെ ചേർത്തത്. സ്കൂളിലും ഇരുവരും ക്രിക്കറ്റ് മുടക്കിയില്ല.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ടീമിന്റെ സെലക്ഷനുവേണ്ടി പോയത് സഞ്ജു ഇപ്പോഴും ഓർക്കുന്നു. പത്താം ക്ലാസിെലയും പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിെലയും മുതിർന്ന കുട്ടികൾക്കൊപ്പമാണ് മത്സരിച്ചത്. ഏഴാം ക്ലാസുകാരനായ ചേട്ടനും സെലക്ഷനിറങ്ങി. സാലിയും സഞ്ജുവും തകർത്തുകളിച്ചു. ഇരുവരും ടീമിലെത്തിയെന്നു മാത്രമല്ല, സഞ്ജുവിനെ ക്യാപ്റ്റനായും തിരഞ്ഞെടുത്തു. അവിടെ സി.ബി.എസ്.ഇ.യുടെ മത്സരങ്ങളിൽ സ്കൂളിനുവേണ്ടി സഞ്ജുവും കൂട്ടുകാരും ട്രോഫികൾ വാരിക്കൂട്ടി.
സഞ്ജു ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയപ്പോഴാണ് കുടുംബത്തെ കേരളത്തിലേക്കു മാറ്റാൻ അച്ഛൻ തീരുമാനിച്ചത്. ക്രിക്കറ്റിലെ മക്കളുടെ താത്പര്യവും ഭാവിയുമായിരുന്നു ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നത്. മക്കളുടെ ഭാവി ക്രിക്കറ്റിൽത്തന്നെയായിരിക്കുമെന്ന് അച്ഛൻ അന്നേ തിരിച്ചറിഞ്ഞിരുന്നു.

അമ്മയ്ക്കൊപ്പം രണ്ടു മക്കളും വിഴിഞ്ഞം പുല്ലുവിളയിലെ വീട്ടിൽ തിരിച്ചെത്തി. മക്കളുടെ തുടർപഠനത്തിനായി തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്കൂളുകളും അവർ കയറിയിറങ്ങി. അധ്യയനവർഷം തുടങ്ങിയതിനാൽ ഒരിടത്തും പ്രവേശനം കിട്ടിയില്ല. ഒടുവിൽ അച്ഛന്റെ സുഹൃത്തായ രാജുവെന്ന അധ്യാപകനാണ് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിൽ പ്രവേശനം വാങ്ങിത്തന്നത്. അവിടത്തെ മനോജ്, ബോസ്കോ എന്നീ കായികാധ്യാപകരുടെ സഹായത്തോടെ ക്രിക്കറ്റും പരിശീലിച്ചു.
രാവിലെ എട്ടുമണിക്ക് വിഴിഞ്ഞത്തെ വീട്ടിൽനിന്ന് ക്രിക്കറ്റ് കിറ്റും സ്കൂൾ ബാഗുമായാണ് കെ.എസ്.ആർ.ടി.സി. ബസിൽ ഇരുവരും സ്കൂളിലേക്കു പോയിരുന്നത്. രണ്ടു ബസ് കയറി രാവിലെ ഒമ്പതരയോടെ സ്കൂളിലെത്തും. ക്ലാസ് കഴിഞ്ഞ് വൈകീട്ട് മൂന്നരയോടെ ബസിൽ നേരെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലേക്ക്. അവിടത്തെ നെറ്റ് പ്രാക്ടീസ് കഴിഞ്ഞ് രണ്ടു ബസ് കയറി തിരികെ വിഴിഞ്ഞത്തെ വീട്ടിലേക്ക്. ബസ്സ്റ്റാൻഡിലിറങ്ങി രണ്ടു കിലോമീറ്റർ നടന്ന് കയറ്റംകയറി ചേട്ടനും അനുജനും വീട്ടിലെത്തുമ്പോൾ രാത്രി എട്ടര-ഒമ്പത് മണിയാകും.

സ്കൂൾ പഠനത്തിനിടയിൽത്തന്നെ ഇരുവരും ജില്ലാ ക്രിക്കറ്റ് ടീമിലേക്കും അവിടെനിന്ന് സോണൽ ടീമിലേക്കും പിന്നീട് സംസ്ഥാന ടീമിലേക്കും പ്രവേശനം നേടി. ചേട്ടൻ അണ്ടർ 15ലും അനുജൻ അണ്ടർ 13ലുമായിരുന്നു. ഗോവയ്ക്കെതിരെയുള്ള മത്സരത്തിൽ ചേട്ടൻ കേരളത്തിനുവേണ്ടി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സെഞ്ച്വറിയടിക്കുന്നത് അനുജൻ ആവേശത്തോടെ കാണുകയുണ്ടായി.
ആ സീസണിൽ അണ്ടർ 13 കാറ്റഗറിയിൽ സഞ്ജുവും തന്റെ ബെസ്റ്റ് പെർഫോമൻസ് പുറത്തെടുത്തു. അഞ്ചു മാച്ചുകളിൽനിന്ന് 972 റൺസ് വാരിക്കൂട്ടി ബെസ്റ്റ് ബാറ്റ്സ്മാനായി. ചേട്ടന്റെ സെഞ്ചുറി പ്രകടനമാണ് തനിക്കും പ്രചോദനമായതെന്ന് സഞ്ജു പറയുന്നു.
അണ്ടർ 16 കാറ്റഗറിയിൽ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായി ചേട്ടൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സഞ്ജു വിക്കറ്റ് കീപ്പറായിരുന്നു. ആ സീസണിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അണ്ടർ 16 ഇന്ത്യൻ ക്യാമ്പിലെത്തിക്കുന്നത്. അന്ന് ചേട്ടൻ സാലിക്ക് സെലക്ഷൻ കിട്ടിയില്ല. അതിന്റെ സങ്കടമുണ്ടായെങ്കിലും സഞ്ജുവിന്റെ കളിയിൽ അതൊന്നും പ്രകടമായില്ല.

രണ്ടുവർഷം കഴിഞ്ഞ് അണ്ടർ 19 കേരള ടീമിന്റെ ക്യാപ്റ്റനായി. കുച്ബിഹാർ ട്രോഫിയിൽ സഞ്ജുവിന്റെ മികച്ച പ്രകടനത്തിൽ കേരളം അന്ന് വലിയ വിജയം നേടി. ഡൽഹിയിലെ ഫിറോസ്ഷാകോട്ട്ലാ മൈതാനത്ത് ഫൈനലിൽ ഡൽഹിയെയാണ് അന്ന് തോല്പിച്ചത്. അതോടെ ഏഷ്യ കപ്പിനുള്ള 2012-ലെ അണ്ടർ 19 ഇന്ത്യൻ ടീമിൽ സഞ്ജുവെത്തി.
ഷാർജയിലെ ഫൈനലിൽ 80 ബോളിൽനിന്ന് സെഞ്ച്വറിയുമായി അന്താരാഷ്ട്രതലത്തിൽ സഞ്ജുവിന്റെ ആദ്യത്തെ മികച്ച പ്രകടനമുണ്ടായി. ഇതിനിടെ അഞ്ചാം ഐ.പി.എല്ലിൽ കൊൽക്കത്ത ടീമിൽ ഇടംകണ്ടെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല.

ഐ.പി.എല്ലിന്റെ ആറാം സീസണിൽ രാജസ്ഥാൻ റോയൽസിനുവേണ്ടിയാണ് ബാറ്റെടുത്തത്. രണ്ടാമത്തെ മാച്ചിൽ െബംഗളൂരുവിനെതിരെ 66 റൺസെടുത്ത് മാൻ ഓഫ് ദ മാച്ചായി. അതോടെ ഐ.പി.എല്ലിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി. ഈ സീസൺ കഴിഞ്ഞതോടെ സഞ്ജു ഇന്ത്യൻ ‘എ’ ടീമിലെത്തി. ഓസ്ട്രേലിയയിലെ ക്വാഡ്രയാങ്കുലർ സീരിസിൽ ശരാശരി 80 റൺസിന്റെ നേട്ടമാണ് അന്ന് സഞ്ജു നേടിയത്. അതിലൂടെ സഞ്ജുവിന്റെ സ്വപ്നം പൂവണിയിച്ച് ടീം ഇന്ത്യയിൽ ഇടംകണ്ടെത്താനായി. ഇംഗ്ലണ്ടുമായിട്ടായിരുന്നു ആദ്യ സീരിസ്. പക്ഷേ, അതിൽ കളിക്കാൻ അവസരം ലഭിച്ചില്ല. സിംബാബ്വേയുമായുള്ള അടുത്ത സീരിസിലാണ് ടീം ഇന്ത്യക്കുവേണ്ടി ആദ്യമായി ബോൾ നേരിട്ടത്. ഹരാരെ സ്റ്റേഡിയത്തിൽ ആറാമത്തെ ബാറ്റ്സ്മാനായെത്തിയ സഞ്ജു, 19 റൺസെടുത്ത് ഔട്ടായി. ബൗണ്ടറിയിലേക്കു പായിച്ച ബോൾ ക്യാച്ചെടുക്കുകയായിരുന്നു.

പിന്നീട് ഐ.പി.എൽ. ഏഴിലും എട്ടിലും രാജസ്ഥാനുവേണ്ടി കളിച്ചു. ഒമ്പതാം സീസണിൽ ഡൽഹിയിലേക്കു മാറി. ഐ.പി.എല്ലിൽ ഒരു സീസണിൽ 1000 റൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് സഞ്ജു. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും.

ഇന്ന് രാജസ്ഥാൻ റോയൽസിന്റെ അഭിവാജ്യ ഘടകവും ക്യാപ്റ്റനുമാണ് സഞ്ജു സാംസൺ എന്ന തിരുവനന്തപുരത്ത് കാരൻ.

ഏറെ അവസരങ്ങൾ കൈവന്നെങ്കിലും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം ഇന്ത്യൻ ജേഴ്സിയിൽ കാഴ്ച വയ്ക്കാൻ കഴിഞ്ഞില്ല എന്നതാണ് സഞ്ജുവിന് മുന്നിലെ വെല്ലുവിളി. രോഹിത് ശർമ്മയ്ക്ക് കീഴിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ രണ്ടാം അങ്കത്തിൽ മാത്രമാണ് സഞ്ജു ബാറ്റേന്തിയത് കളിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. പക്ഷേ അയാൾ എന്നും പ്രതീക്ഷകളുടേയും സമ്മർദങ്ങളുടേയും ഇടയിൽ തളയ്ക്കപ്പെടുകയായിരുന്നു. ഇന്ത്യൻ ദേശീയ ടീമിൽ ഇടം പിടിക്കേണ്ടുന്ന ഏക മലയാളി . അത് തന്നെയാണ് അയാളെ വലയ്ക്കുന്ന വലിയ ഭാരവും. കേരളീയരുടെ പ്രതീക്ഷ. ആ പ്രതിക്ഷയിൽ പുഞ്ചിരി നിറഞ്ഞ സന്തോഷം എഴുതി ചേർക്കാൻ കഴിഞ്ഞില്ല എങ്കിൽ അയാൾ കുറ്റക്കാരനാണ്. അളന്നു മുറിച്ച് പായിച്ച ഷോട്ട് ബൗണ്ടറി ലൈനിൽ ഫീൽഡറുടെ കൈകളിൽ ഒതുങ്ങിയാൽ അയാൾ ആവേശം കാട്ടിയ മലയാളിയാകും. പതിയെ സ്റ്റാന്റ് ചെയ്ത് ഇന്നിംഗ്സ് പടുത്തുയർത്തിയാൽ മലയാളിയുടെ ആവേശമില്ലാത്ത പഴങ്കഞ്ഞി മോറനാകും. ഇവിടെ എങ്ങനെയാണ് സഞ്ജു ബാറ്റേന്തേണ്ടത്.

ലിസ്റ്റ് എ കരിയറിൽ ഫീൽഡറെ ഉള്ളിൽ നിർത്തി തന്നെ വെല്ലുവിളിച്ച ബൗളറോട് ഇറങ്ങി അടിച്ച് പ്രതികാരം ചെയ്യട്ടെ എന്ന് മലയാളത്തിൽ വിളിച്ച് ചോദിക്കുന്ന സഞ്ജുവിനെ നാം കണ്ടതാണ്. മറുതലയ്ക്ക് നിന്ന സച്ചിൻ ബേബി വിലക്കിയിട്ടും അയാൾ അടുത്ത പന്തിൽ പ്രതികാരം ചെയ്യുക തന്നെ ചെയ്തു. ക്രീസ് വിട്ടിറങ്ങി ഉയർത്തിയടിച്ച പന്ത് വിശ്രമിച്ചത് അതിർത്തി വരയ്ക്ക് അപ്പുറമായിരുന്നു. അവിടെ തെളിഞ്ഞത് മലയാളിയുടെ ആത്മാഭിമാനത്തിന്റെ നേർ സാക്ഷ്യം കൂടിയായിരുന്നു. ഒരു കാലത്തും അടിയറവ് പറയാൻ ആഗ്രഹിക്കാത്ത ഇച്ഛാശക്തിയുടെ പ്രതികാര ബോധമായിരുന്നു അത്. ചാനൽ അഭിമുഖങ്ങളിൽ ഏറെ നിഷ്കളങ്കമായി വർത്തമാനം പറയുന്ന സഞ്ജുവിനെ നമ്മൾ കണ്ടിട്ടുണ്ട്. തന്റെ ബാറ്റ് നാട്ടിലുള്ള മറ്റുള്ളവർക്കായി ഇന്നും സംഭാവന ചെയ്യുന്ന സഞ്ജു. അപരന്റെ ശബ്ദത്തെ ശ്രവിക്കുവാൻ മനസുള്ള മലയാളിയുടെ നീതി ബോധം മനസ്സിൽ പേറുന്നവൻ.

ടൈമിങിനെ കുറിച്ച് അവതാരകൻ ചോദിക്കുമ്പോൾ നോക്കാറില്ല. നോക്കിയാൽ വലിച്ചടിക്കാൻ തോന്നുമെന്ന് ഏറെ നിഷ്കളങ്കമായി മറുപടി പറയാൻ അയാൾക്ക് കഴിയുന്നതും അയാളുടെ ഇതേ നിഷ്കളങ്ക മനസ്സ് തന്നെയാകും. ഒന്ന് ഉറപ്പാണ് 6 ബൗളിൽ 10 സിക്സ് അടിച്ചാലും . ചുരുങ്ങിയ ബൗളിൽ ഡബിൾ സെഞ്ച്വറി തികച്ചാലും അടുത്ത മത്സരത്തിൽ അയാൾ വേഗം പുറത്തായാൽ സഞ്ജു ലോകം കണ്ട വലിയ അപരാധി തന്നെയാകും. മലയാളിയുടെ പൊതുബോധം ആ നിലയിൽ മാറിയിരിക്കുന്നു. പക്ഷേ നിങ്ങൾ അയാളുടെ ഉള്ളിലേയ്ക്ക് നോക്കുക ഇനിയും തിരി കെടാതെ കത്തുന്ന ഒരു വിളക്കുണ്ട് ആ മനസ്സിൽ . എത്രയൊക്കെ കെടുത്തുവാൻ ശ്രമിച്ചിട്ടും വിമർശനങ്ങളുടെ തണുത്ത വെളളം കോരിയൊഴിച്ചിട്ടും കെട്ടടങ്ങാതെ കത്തുന്ന കനലുണ്ട് ആ ഹൃദയത്തിൽ. അവസരങ്ങളിൽ അയാൾക്ക് ഒപ്പം ഒന്ന് മനസ്സ് കൊണ്ടെങ്കിലും നിങ്ങൾ കൂടെ നിന്ന് നോക്കു. സഞ്ജു ഒരു മലയാളിയാണ്. വീറും വാശിയും ഏറിയ മലയാളി ഡൽഹിയിലേയും മുംബൈയിലേയും മറ്റ് ഇതര സംസ്ഥാനങ്ങളിലേയും പ്രിയമേറിയ താരങ്ങളെ നിങ്ങൾ നെഞ്ചേറ്റിക്കൊള്ളൂ പക്ഷേ മലയാളിയുടെ മാനവികതാ ബോധമേറുന്ന ആ പുഞ്ചിരി നിറഞ്ഞ മുഖത്തെ നിങ്ങൾ അവഗണിക്കരുത്. പിന്തുണച്ചില്ലെങ്കിലും പിന്നിൽ നിന്ന് കുത്താതെയിരിക്കുക. സാംസണിൽ ഒളിഞ്ഞിരിക്കുന്ന സൺ ന്റെ സൂര്യ ശോഭയിൽ ഇന്ത്യൻ ടീം ജ്വലിച്ചുയരുന്ന കാലം വിതൂരമല്ല. എന്തെന്നാൽ അയാൾ ഒരു പോരാളി തന്നെയാണ്. ഇനിയും തോറ്റു മടങ്ങാൻ തെല്ലും മടിയില്ലാത്ത എണ്ണം പറഞ്ഞ ഒത്ത പോരാളി. അവസരങ്ങൾ കൂടുതൽ കടന്നു വരട്ടെ ഉള്ളിൽ തിരയൊടുങ്ങാതെ കാത്ത അഗ്നി നാളെ ജ്വാലയായി ആളി പടരുമ്പോൾ ടി.വി യുടെ മുന്നിൽ ഇരുന്ന് വെറുതെ എഴുന്ന് നിൽക്കുന്ന രോമത്തിലൂടെ വിരലുകൾ പായിച്ച് വെറുതെ എങ്കിലും നമുക്കും പറയാം മലയാളി അവൻ പൊളിയല്ലേ …… നമ്മുടെ സഞ്ജു… അവൻ ഫയർ അല്ലെ…..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.