സഞ്ജുവിനും സംഘത്തിനും ബൗളിംങ് തലവേദനയോ..? മൂർച്ചയില്ലാത്ത ആർച്ചറും ഉന്നമില്ലാത്ത ബൗളർമാരും രാജസ്ഥാനെ തളർത്തുന്നു; ബോൾട്ടിളകി ബൗളിങ്ങ്

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് ടീം സിലക്ഷനിലെ പാളിച്ചകൾ തിരിച്ചടിയാകുന്നോ..? ആദ്യം നടന്ന രണ്ട് മത്സരങ്ങളിലും ബൗളിംങിന്റെ മോശം പ്രകടനം കൊണ്ട് രാജസ്്ഥാൻ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ മത്സരത്തിൽ ആറു വിക്കറ്റ് വീഴ്ത്തിയെങ്കിലും ആവോളം റണ്ണടിച്ചു കൂട്ടിയിട്ടാണ് ഹൈദരാബാദ് ബാറ്റർമാർ കളം വിട്ടത്. രണ്ടാം മത്സരത്തിലാകട്ടെ ചെറിയ സ്‌കോർ പ്രതിരോധിക്കാനിറങ്ങിയ രാജസ്ഥാൻ ബൗളർമാർക്ക് ഒരു ഘട്ടത്തിൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്താനും ആയില്ല. രണ്ട് മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തുന്ന ഒരു ബൗളറുടെ പോരായ്മ രാജസ്ഥാൻ നിരയിൽ മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു.

Advertisements

കഴിഞ്ഞ സീസണിൽ ബൗളിംങ് കുന്തമുനയായ ബോൾട്ടിനെ മറിച്ചു വീറ്റ് ആർച്ചറെ എടുക്കുമ്പോൾ രാജസ്ഥാൻ പ്രതീക്ഷിച്ചത് മൂർച്ചയുള്ള ബൗളിംങായിരുന്നു. എന്നാൽ, മൂർച്ചയില്ലാതെ തോന്നും പടി പന്തെറിഞ്ഞ ആർച്ചർ ആവോളം തല്ല് വാങ്ങിക്കൂട്ടുന്നതാണ് ആദ്യ മത്സരത്തിൽ കണ്ടത്. 24 പന്തിൽ നിന്ന് 19 ഇക്കണോമി നിരക്കിൽ 76 റണ്ണാണ് ആർച്ചർക്കെതിരെ ഹൈദരാബാദ് അടിച്ചു കൂട്ടിയത്. വിസ്‌ഫോടന ശേഷിയുള്ള ബാറ്റിംങുള്ള ഹൈദരാബാദാണല്ലോ അടിച്ചു കൂട്ടിയത് എന്ന രാജസ്ഥാൻ ആരാധകരുടെ ആശ്വാസത്തിന്മേൽ ആണിയടിച്ചാണ് കൊൽക്കത്തയ്‌ക്കെതിരെയുള്ള മത്സരം അവസാനിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂർച്ചയേറിയ ആയുധമായി കൊണ്ടു വന്ന ആർച്ചർ കൊൽക്കത്തയ്‌ക്കെതിരെയും സാമാന്യം ഭേദപ്പെട്ട നിലയിൽ തല്ല് വാങ്ങി. 2.3 ഓവറിൽ 13.20 ഇക്കണോമിയിൽ 33 റൺ വഴങ്ങിയ ആർച്ചർക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. മാത്രമല്ല ഒരു ഘട്ടത്തിൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ആകാനും ആർച്ചർക്ക് സാധിച്ചില്ല. ഹൈദരാബാദിന് എതിരെ മൂന്ന് വിക്കറ്റ് എടുക്കാൻ 44 റൺ വിട്ടു കൊടുത്ത തുഷാർ ദേശ്പാണ്ഡേ കൊൽക്കത്തയ്ക്ക് എതിരെ ഒരു ഓവർമാത്രമാണ് എറിഞ്ഞത്. ഈ ഓവറിൽ ഏഴു റണ്ണാണ് ദേശ്പാണ്ടേ വഴങ്ങിയത്.

ബോൾട്ടിന്റെ അഭാവം നന്നായി നിഴലിച്ചു നിൽക്കുന്ന ഓപ്പണിംങ് സ്‌പെല്ലാണ് ഇക്കുറി രാജസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ സീസണിൽ ബോൾട്ട് 90 ശതമാനം മത്സരങ്ങളിലും ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി രാജസ്ഥാന് മുൻ തൂക്കം നൽകിയിരുന്നു. ഇത് മറ്റ് ബൗളർമാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ, അത്തരത്തിൽ ഒരു കരുത്തേറിയ ആത്മവിശ്വാസം നൽകാൻ ഇക്കുറി ആർച്ചർക്ക് സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങൾക്ക് ശേഷം ക്യാപ്റ്റനായി സഞ്ജു കളത്തിൽ തിരിച്ച് വരുമ്പോൾ ശരാശരയിൽ താഴെ നിൽക്കുന്ന ബൗളിംങ് നിരയുമായി എത്രത്തോളം മുന്നോട്ട് പോകുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Hot Topics

Related Articles