ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ഏകദിനത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് ആയതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുൻപ് അഞ്ച് വിക്കറ്റിനായിരുന്നു സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ ജയം. 39 പന്തില്‍ 43 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സിക്‌സ് നേടിയാണ് സഞ്ജു മത്സരം ഫിനിഷ് ചെയ്തത്.
നേരത്തെ വിക്കറ്റിന് പിന്നിലും മിന്നുന്ന പ്രകടനം സഞ്ജു പുറത്തെടുത്തിരുന്നു. മൂന്ന് ക്യാച്ചുകള്‍ സ്വന്തമാക്കിയ സഞ്ജു ഒരു റണ്ണൗട്ടിന്റേയും ഭാഗമായി. ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. ഇതോടെ ഒരു റെക്കോര്‍ഡും സഞ്ജുവിന്റെ അക്കൗണ്ടില്‍ എത്തി. സാക്ഷാല്‍ ധോണിക്ക് പോലും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ്.
സിംബാബ്‌വെക്കെതിരെ ഏകദിനത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ച് ആകുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരിക്കുകയാണ് സഞ്ജു. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വര്‍ഷം സഞ്ജു കളിക്കുന്ന രണ്ടാമത്തെ പ്രധാന ഇന്നിംഗ്‌സാണിത്. ആദ്യത്തേത് വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലായിരുന്നു. 311 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ ടീം മൂന്നിന് 79 എന്ന നിലയിലായി. എന്നാല്‍ സഞ്ജു 51 പന്തില്‍ 54 റണ്‍സുമായി തിളങ്ങി. താരം റണ്ണൗട്ടായെങ്കിലും ടീമിനെ വിജയപ്പിക്കാന്‍ ഇന്നിംഗ്‌സ് ധാരാളമായിരുന്നു. ഇപ്പോള്‍ ഹരാരെയിലെ ഈ ഇന്നിംഗ്‌സും. ഏകദിനത്തില്‍ 53.66 ശരാശരിയില്‍ 161 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഈ വര്‍ഷം സഞ്ജു കളിച്ച ഒരു മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ലെന്നുള്ളത് മറ്റൊരു പ്രത്യേകത. രണ്ട് ഫോര്‍മാറ്റിലും 10 മത്സരങ്ങള്‍ കളിച്ചു. പത്തിലും ജയം ഇന്ത്യക്കായിരുന്നു.
ഇങ്ങനെ ഇന്ത്യയുടെ ഭാഗ്യ താരമായി കൂടി വളരുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം. ഇനിയും എങ്ങനെ സഞ്ജുവിനെ മാറ്റി നിർത്താനാവും എന്നാണ് ക്രിക്കറ്റ് പ്രേമികൾ ബിസിസിഐയോട് ചോദിക്കുന്ന ചോദ്യം. അവസരങ്ങൾ പരിമിതമായിട്ടും ശോഭിക്കാൻ പരമാവധി ശ്രമിച്ചിട്ടും വീണ്ടും അയാൾക്ക് അവസരം നൽകാത്തത് നീതി കേടാണ് എന്ന നിലപാടിലാണ് ക്രിക്കറ്റ് ആരാധകർ. എവിടെ ചെന്നാലും ആർപ്പു വിളികളുമായി അവർ തങ്ങളുടെ സ്നേഹം താരത്തോട് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.