കരീബിയൻ മണ്ണിൽ കപ്പയും മീനും നൽകി സഞ്ജുവിനെ വരവേറ്റ മലയാളി ആരാധകർക്ക് പുഞ്ചിരിച്ച മനസ്സുമായി പ്രിയ താരത്തെ തിരകെ അയക്കാനാകുമോ ; വിൻഡീസിനെതിരായ അവസാന ഏകദിനം ഇന്ന് ; സഞ്ജു കളിക്കുമോ ; ആകാംക്ഷയോടെ മലയാളികൾ

സ്പോർട്സ് ഡെസ്ക്ക് : ഇത് താൻ ടാ മലയാളി ….! സഞ്ജു……. കരീബിയൻ മണ്ണിൽ എയർപോർട്ടിൽ വന്നിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പിന്നിൽ നിന്ന് ഉയർന്ന് കേട്ട ആ നീളമുള്ള വിളിയിൽ വലിയ അത്ഭുതമൊന്നും തോന്നിയില്ല. എല്ലാ രാജ്യങ്ങളിലും നാടിന്റെ പ്രതീകമായി ഒരു മലയാളിയെങ്കിലും കാണുമല്ലോ …. പക്ഷേ അടുത്ത ചോദ്യമാണ് പ്രിയ ക്രിക്കറ്റ് താരത്തെ ന്തെട്ടിച്ചു കളഞ്ഞത് ബാറ്റ് ചെയ്യുമ്പോൾ 200 കിലോമീറ്റർ വേഗത്തിൽ ഒരു പന്ത് പാഞ്ഞു വന്നാൽ പോലും ഇങ്ങനെ അവൻ ഞെട്ടിക്കാണുവാൻ വഴിയില്ല.

Advertisements

” കപ്പയും മീനും വേണോ ” പിന്നാലെയെത്തിയ ആ അശരീരി കേട്ട ദിക്കിലേക്ക് നോക്കിയ സഞ്ജുവിന്റെ കണ്ണ് നിറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ ….എവിടെയെത്തിയാലും തന്നെ ചേർത്ത് നിർത്തുന്ന മലയാളികൾ . ഇതിന് അപ്പുറമായി എന്ത് അവാർഡാണ് അവന് ലഭിക്കാനുള്ളത്. എയർപോർട്ടിൽ തന്നെ ഞെട്ടിച്ചു കൊണ്ട് വരവേറ്റ പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾക്കൊപ്പമുള്ള വീഡിയോയും സഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് ഇൻഡീസിലെത്തുമ്പോൾ അങ്ങനെയൊരു വരവേൽപ്പ് ഒരിക്കലും ഒരാൾക്കും പ്രതീക്ഷിക്കുവാൻ കഴിയുന്ന ഒന്നല്ലല്ലോ ….. മാലയും കൈയിൽ ബൊക്കേയുമായി നിൽക്കുന്ന പതിവ് സ്വീകരണ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വരവേൽപ് . ഏതൊരു മലയാളിയേയും വീഴ്ത്താൻ തക്കവണ്ണം പ്രഹരശേഷിയുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഇഷ്ട ഭക്ഷണം കപ്പയും മീനും. അതിനുമപ്പുറമായി വേറെ എന്ത് നൽകിയാണ് തങ്ങളുടെ പ്രിയ താരത്തെ അവർക്ക് സ്വീകരിക്കാൻ കഴിയുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിങ്ങളാ മുഹൂർത്തത്തെ ഒന്ന് സങ്കല്പിച്ച് നോക്കുക. എത്ര മാത്രം ഹൃദയ വിശാലമായ സ്നേഹ സ്പർശത്തിന്റെ മാസ്മരിക ഭാവമാണ് അതിൽ അന്തർലീനമായിരിക്കുന്നത്. ബിസിസിഐ അവസരങ്ങൾ പല ഘട്ടങ്ങളിലായി നിഷേധിക്കുമ്പോഴും സഞ്ജു മലയാളി മനസ്സിൽ സെഞ്ചുറികളിൽ നിന്ന് സെഞ്ചുറികൾ നേടി മാൻ ഓഫ് ദി സ്റ്റേറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ആ ലളിത സ്വഭാവവും സ്നേഹവും തന്നെയാണ് അയാളെ കൂടുതൽ സമ്പന്നനാക്കുന്നതും.

ഇന്ന് ഏകദിന പരമ്പരയിലെ അവസാന മത്സരം നടക്കും. സാധാരണ ഗതിയിൽ ഒരു പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും ഇന്ത്യൻ ജേഴ്സി അണിയുവാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച സഞ്ജു മൂന്നാം മത്സരത്തിൽ പാഡണിയുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി ആരാധകർ. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ നിരാശപെടുത്തിയ സഞ്ജു കീപ്പിങ്ങിലെ മികച്ച പ്രകടനത്തോടെ ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. രണ്ടാം മത്സരത്തിൽ അർധ സെഞ്ചുറി നേടിയും താരം മികവ് കാട്ടി. എന്നിരുന്നാലും അവസാന മത്സരത്തിൽ ഇഷാൻ കിഷന് അവസരം നൽകുവാൻ ദ്രാവിഡ് തീരുമാനിച്ചാൽ സഞ്ജുവിന് പുറത്തിരിക്കേണ്ടതായി വരും.

അങ്ങനെയെങ്കിൽ ആറ്റ് നോറ്റ് കിട്ടിയ പരമ്പരയിലും സഞ്ജു ആരാധകർക്ക് സങ്കടമാകും ബാക്കിയാകുക. കപ്പയും മീനും നൽകി വരവേറ്റ കരീബിയൻ മണ്ണിലെ മലയാളി ആരാധകർക്ക് പുഞ്ചിരിക്കുന്ന മനസ്സുമായി പ്രിയ താരത്തെ യാത്രയയ്ക്കാൻ കഴിയുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Hot Topics

Related Articles