ന്യൂസ് ഡെസ്ക് : ഇതുവരെ ഈ സീസണില്‍ നായകൻ എന്ന നിലയില്‍ മികവ് പുലർത്താൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. രാജസ്ഥാനെ ആദ്യ മത്സരങ്ങളില്‍ വളരെ മികച്ച രീതിയില്‍ നയിച്ച സഞ്ജു ഒരുപാട് പ്രശംസകളും ഏറ്റുവാങ്ങുകയുണ്ടായി.എന്നാല്‍ കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ രാജസ്ഥാൻ പരാജയത്തില്‍ എത്തിയതോടെ സഞ്ജുവിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നിരുന്നാലും തന്റെ വ്യക്തിഗത പ്രകടനത്തിലും ഇതുവരെ സഞ്ജു മികവ് പുലർത്തിയിട്ടുണ്ട്. ലീഗിലെ കഴിഞ്ഞ 3 മത്സരങ്ങളിലും രാജസ്ഥാൻ പരാജയം അറിഞ്ഞതോടെ ടീമിന്റെ പ്ലേയോഫ് സാധ്യതകള്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ മനോഭാവത്തെ പറ്റി സഞ്ജു സാംസണ്‍ സംസാരിക്കുകയുണ്ടായി. താൻ കൂടുതലായി ഫലങ്ങളെ പറ്റി ചിന്തിക്കുന്ന താരമല്ല എന്നാണ് സഞ്ജു സാംസണ്‍ പറഞ്ഞത്. ടൂർണമെന്റില്‍ കളിക്കുന്ന 10 ടീമുകളും ഐപിഎല്ലിന്റെ കിരീടം സ്വന്തമാക്കാൻ വേണ്ടി വന്നവർ തന്നെയാണ് എന്ന് സഞ്ജു പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ എല്ലാ ടീമുകളെയും ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും സഞ്ജു ചൂണ്ടിക്കാട്ടി. എന്നിരുന്നാലും നമ്മള്‍ നമ്മളോട് തന്നെ ബഹുമാനം പുലർത്തി ഏറ്റവും മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് സഞ്ജു കരുതുന്നു. കഴിഞ്ഞ സീസണിലും ഇത്തരത്തില്‍ തുടക്കത്തില്‍ വമ്ബൻ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ട് പ്ലേയോഫില്‍ എത്താൻ പോലും തങ്ങള്‍ക്ക് സാധിച്ചില്ല എന്ന് സഞ്ജു ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ ഇത്തരം കാര്യങ്ങള്‍ പലപ്പോഴായി സംഭവിച്ചിട്ടുണ്ട് എന്നാണ് സഞ്ജു പറയുന്നത്.
“ഈ മത്സരത്തില്‍ വിജയിക്കണം, ഈ മത്സരത്തില്‍ വിജയിക്കേണ്ട എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. ഫലങ്ങളെപ്പറ്റി ഒരുപാട് ചിന്തിച്ച് നിരാശ പടർത്താനും ഞാൻ ശ്രമിക്കുന്നില്ല. ഐപിഎല്‍ എടുത്തു നോക്കിയാല്‍ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ടൂർണമെന്റില്‍ പങ്കെടുക്കുന്ന 10 ടീമുകളും ഐപിഎല്ലിന്റെ കിരീടം ചൂടാൻ വേണ്ടി തന്നെ കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ എല്ലാ ടീമുകളെയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. മാത്രമല്ല നാം നമ്മുടെ ടീമിനെയും ബഹുമാനിക്കാൻ തയ്യാറാവണം. മൈതാനത്തെത്തി മികച്ച ക്രിക്കറ്റ് കളിക്കാൻ ശ്രദ്ധിക്കണം. അതിനുശേഷമാണ് ഫലത്തെപറ്റി ചിന്തിക്കേണ്ടത്.”- സഞ്ജു പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“കഴിഞ്ഞ തവണ 6 മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും വിജയം നേടാൻ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. പക്ഷേ എന്നിട്ടും ഞങ്ങള്‍ക്ക് പ്ലെയോഫിലേക്ക് യോഗ്യത ലഭിച്ചില്ല. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ ഐപിഎല്ലില്‍ സംഭവിച്ചു കൊണ്ടിരിക്കും. ഇങ്ങനെയുള്ളപ്പോള്‍ നമ്മള്‍ പക്വതപുലർത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രസ്തുത നിമിഷത്തില്‍ തന്നെ തുടരാൻ ശ്രമിക്കുക എന്നതും നിർണായകമാണ്. എന്താണോ നമ്മുടെ കയ്യിലുള്ളത്, അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.”- സഞ്ജു സാംസണ്‍ പറഞ്ഞുവെക്കുന്നു.