ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയല്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.സഞ്ജു ടീം വിടാനുള്ള തീരുമാനമെടുക്കുന്നത് വൈഭവ് സൂര്യവംശിയുടെ വരവോടെയാണെന്ന് ചോപ്ര പറഞ്ഞു. രാജസ്ഥാൻ ടീം താരങ്ങളെ നിലനിർത്തുന്നതിലും ടീം വിടാൻ അനുവദിക്കുന്നതിലുമെല്ലാം സഞ്ജുവിന്റെ ഇടപെടലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സഞ്ജു ടീമിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മാനേജ്മെന്റിനെ സമീപിച്ചതായാണ് റിപ്പോർട്ടുകള്‍.
‘സഞ്ജു സാംസണ്‍ എന്തിന് ടീം വിടണം? അവസാനത്തെ മെഗാ ലേലം നടന്നപ്പോള്‍ അവർ ജോസ് ബട്ട്ലറെ ഒഴിവാക്കി. യശസ്വി ജയ്സ്വാള്‍ വന്നതുകൊണ്ടും സഞ്ജുവിന് ഓപ്പണ്‍ ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ടുമായിരിക്കാം അവർ ബട്ട്ലറെ ഒഴിവാക്കിയതെന്നാണ് എനിക്ക് തോന്നിയത്. സഞ്ജുവും രാജസ്ഥാൻ റോയല്‍സും വളരെ അടുത്ത ബന്ധത്തിലായിരുന്നു.’ – ആകാശ് ചോപ്ര പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അവർ നിലനിർത്തിയതോ ഒഴിവാക്കിയതോ ആയ കളിക്കാരുടെ കാര്യത്തില്‍ സഞ്ജുവിന് വലിയൊരു പങ്കുണ്ടെന്നാണ് കരുതുന്നത്. വൈഭവ് സൂര്യവംശി വന്നിട്ടുണ്ട്. ടീമില്‍ രണ്ട് ഓപ്പണർമാരുമുണ്ട്. കൂടാതെ ധ്രുവ് ജുറലിനെ ബാറ്റിംഗ് ഓർഡറില്‍ മുകളിലേക്ക് കൊണ്ടുവരാനും ടീം ആഗ്രഹിക്കുന്നു. അതുകൊണ്ട് സഞ്ജു ടീം വിടാൻ ആഗ്രഹിക്കുന്നു. എന്നാല്‍ ഇവയെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹത്തിൻ്റെയും രാജസ്ഥാന്റെയും മനസ്സില്‍ എന്താണെന്ന് അറിയില്ലെന്നും’ ചോപ്ര പറഞ്ഞു.
‘അതേസമയം സഞ്ജുവിനെ ആവശ്യമുള്ള ടീം കൊല്‍ക്കത്തയാണെന്നും മറിച്ച് ചെന്നൈ അല്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു. എൻ്റെ മനസ്സില്‍ ആദ്യം വരുന്ന പേര് സിഎസ്കെയുടേതല്ല. താരത്തെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ടീം കെകെആർ ആണ്. ടീമിന് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇല്ല. കൂടാതെ ഒരു ക്യാപ്റ്റനെ ലഭിക്കുന്നതില്‍ എന്താണ് തെറ്റ്? അജിങ്ക്യ രഹാനെ നന്നായി ക്യാപ്റ്റൻസി ചെയ്യുകയും റണ്‍സ് നേടുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ഞാൻ നിഷേധിക്കുന്നില്ല.’ – ചോപ്ര പറഞ്ഞു.
നിലവില്‍ 2027 വരെ സഞ്ജുവിന് രാജസ്ഥാനുമായി കരാറുണ്ട്. അസന്തുഷ്ടനായ ഒരു താരത്തെ രാജസ്ഥാൻ ടീമില്‍ നിലനിർത്തുമോ എന്നത് കണ്ടറിയണം. മഹേന്ദ്രസിങ് ധോനിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ധോനിയുടെ ഐപിഎല്‍ കരിയർ അവസാനഘട്ടത്തിലാണ്. ധോനി എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ധോനിക്ക് പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ജുവിനെ ടീമിലെത്തിക്കാൻ ചെന്നൈ ശ്രമിക്കുന്നത്.