സഞ്ജു വിശ്വനാഥൻ സാംസൺ ; അയാൾ ഒരു തികഞ്ഞ പോരാളി തന്നെയാണ് , അംഗീകരിക്കുവാൻ മടിക്കുന്നവരുടെ നാവിൽ അയാൾ തന്റെ പേര് കൊത്തി വയ്ക്കുക തന്നെ ചെയ്യും ; സഞ്ജുവിലെ പോരാളിയെ കുറിച്ച് ആരാധകൻ സന്ദീപ് ദാസ് എഴുതുന്നു

സ്പോർട്സ് ഡെസ്ക്ക് : ”ഞങ്ങൾ മത്സരിച്ചത് അതിശക്തരായ രാജസ്ഥാൻ റോയൽസിനോടാണ്. ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത…”

Advertisements

രണ്ടാം ക്വാളിഫയറിലെ പരാജയത്തിനുശേഷം ആർ.സി.ബി നായകൻ ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞ വാക്കുകളാണിത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരമായ ഡ്യൂപ്ലെസി വാനോളം പുകഴ്ത്തിയ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസനാണ്. കേരളീയർക്ക് അഭിമാനത്താൽ പുളകം കൊള്ളാനുള്ള വകയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. സഞ്ജുവിൻ്റെ നേട്ടത്തിൻ്റെ വലിപ്പം എന്താണെന്ന് നമുക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടോ? അയാൾ വേണ്ടവിധം അംഗീകരിക്കപ്പെടുന്നുണ്ടോ?

രാജസ്ഥാൻ 2008-ൽ ഐ.പി.എൽ കിരീടം ജയിച്ചിട്ടുണ്ട്. അന്ന് ഷെയ്ൻ വോൺ ആയിരുന്നു അവരുടെ സ്കിപ്പർ. അക്കാലത്ത് സഞ്ജു കേരളത്തിലെ മൈതാനങ്ങളിൽ അണ്ടർ-16 ക്രിക്കറ്റ് കളിച്ചുനടക്കുകയായിരുന്നു.

വോണിനുശേഷം രാജസ്ഥാൻ്റെ നായകപദവി അലങ്കരിച്ചത് ഷെയ്ൻ വാട്സൻ,രാഹുൽ ദ്രാവിഡ്,സ്റ്റീവ് സ്മിത്ത്,അജിൻക്യ രഹാനെ തുടങ്ങിയവരായിരുന്നു. എല്ലാവരും അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രബലർ. പക്ഷേ രാജസ്ഥാനെ ഐ.പി.എൽ ഫൈനലിൽ എത്തിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. അക്കാര്യം സാധിച്ചെടുത്തത് സഞ്ജു മാത്രമാണ്‌!

അഹമ്മദാബാദിൽ സഞ്ജു എന്ന നായകൻ നിറഞ്ഞുനിൽക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നതാണ് രാജസ്ഥാൻ്റെ കരുത്ത്. നോക്കൗട്ട് ഗെയിമുകളിൽ റൺചേസ് ഒട്ടും എളുപ്പവുമല്ല. പക്ഷേ ടോസ് നേടിയ സഞ്ജു ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു. പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം തനിക്കുണ്ടെന്ന് വിളിച്ചുപറയുകയായിരുന്നു സഞ്ജു!

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തല്ലിച്ചതച്ച ടീമാണ് ആർ.സി.ബി. സഞ്ജുവും കൂട്ടരും അവരെ 157 റൺസിൽ ഒതുക്കി. രാജസ്ഥാൻ്റെ തുറുപ്പുചീട്ടുകളായ അശ്വിനും ചഹലും നിറംമങ്ങിയ ദിവസമായിരുന്നു. പക്ഷേ പേസ് ബോളർമാരെ ഉപയോഗിച്ച് സഞ്ജു കളി വരുതിയിലാക്കി.

ഒരു നല്ല നായകൻ സ്വന്തം കളിക്കാരിൽ വിശ്വാസം വെച്ചുപുലർത്തണം. സഞ്ജു അതാണ് ചെയ്തത്. ഗുജറാത്തിനോട് സംഭവിച്ച പരാജയത്തിൻ്റെ പേരിൽ പ്ലെയിങ് ഇലവനിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ തയ്യാറായില്ല. ഡേവിഡ് മില്ലർ നിലംതൊടാതെ പറത്തിയ പ്രസിദ് കൃഷ്ണയെക്കൊണ്ട് സഞ്ജു വീണ്ടും ഡെത്ത് ഓവർ എറിയിച്ചു. ദിനേഷ് കാർത്തിക്,ഹസരംഗ എന്നിവരെ തുടരെ പുറത്താക്കിയാണ് പ്രസിദ്ധ് നന്ദി പ്രകാശിപ്പിച്ചത്.

രാജസ്ഥാൻ്റെ ലെഫ്റ്റ് ആം സീമർ മക്കോയ് കടുത്ത മാനസിക സംഘർഷത്തിലാണ്. അസുഖബാധിതയായ അമ്മയെക്കുറിച്ചോർത്ത് അയാളുടെ മനസ്സ് നീറുന്നുണ്ടെന്ന് രാജസ്ഥാൻ കോച്ച് സംഗക്കാര വെളിപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള മക്കോയ് ബാംഗ്ലൂരിനെതിരെ ഒന്നാന്തരമായി പന്തെറിഞ്ഞു. ഒരു കിടിലൻ ക്യാച്ചും എടുത്തു.

മക്കോയ് ഇങ്ങനെ തിളങ്ങുമ്പോൾ സഞ്ജുവിന് സന്തോഷിക്കാം. മോശമായി പന്തെറിഞ്ഞപ്പോഴെല്ലാം സഞ്ജു മക്കോയിയെ പ്രചോദിപ്പിച്ചിരുന്നു. തോളിൽ കൈവെച്ച് സംസാരിച്ചിരുന്നു. ഗുജറാത്തിനെതിരായ ക്വാളിഫയറിലെ തൻ്റെ ആദ്യ ഓവറിൽ 18 റൺസ് വഴങ്ങിയ മക്കോയ് ഇങ്ങനെ മാറിയതിൽ സഞ്ജുവിന് നല്ല പങ്കുണ്ട്.

ഇത്രയൊക്കെ ചെയ്ത സഞ്ജുവിനെ പ്രശംസിക്കാൻ കളിപറച്ചിലുകാർ മടികാട്ടി. പ്രശംസയുടെ ഒരു വരി പറഞ്ഞത് മാത്യു ഹെയ്ഡൻ മാത്രം. ഒരു ചെറിയ പിഴവ് പറ്റിപ്പോയാൽ പക തീർക്കുന്നതുപോലെ സഞ്ജുവിനെ വിമർശിക്കുന്ന സുനിൽ ഗാവസ്കർമാർ വിരാജിക്കുന്ന ഇടമാണ് ഐ.പി.എല്ലിൻ്റെ കമൻ്ററി ബോക്സ് എന്ന കാര്യം കൂടി ഓർക്കണം.

സഞ്ജുവിൻ്റെ സ്ഥാനത്ത് ധോനിയോ വിരാടോ രോഹിതോ ആയിരുന്നുവെങ്കിലോ? ഡെൽഹി ക്യാപ്പിറ്റൽസിനെ വിജയകരമായി തോളിലേറ്റാൻ ഋഷഭ് പന്തിന് കഴിഞ്ഞിരുന്നുവെങ്കിലോ? ഇതേ കമൻ്റേറ്റർമാർ അഭിനന്ദനങ്ങൾ കൊണ്ട് സാഗരം തീർക്കുമായിരുന്നില്ലേ? ക്യാപ്റ്റൻ്റെ ബുദ്ധിവെെഭവത്തെക്കുറിച്ച് സ്റ്റാർ സ്പോർട്സ് പ്രത്യേക പരിപാടി സംഘടിപ്പിക്കുമായിരുന്നില്ലേ?

ബ്രില്യൻസ് കാണിച്ചത് പാവത്താനായ സഞ്ജു ആയതുകൊണ്ട് ആർക്കും മിണ്ടാട്ടമില്ല!

ഈ സീസണിൽ നാനൂറിലധികം റണ്ണുകൾ സഞ്ജു സ്കോർ ചെയ്തിട്ടുണ്ട്. അതും 150-ൻ്റെ പരിസരത്തുള്ള പ്രഹരശേഷിയിൽ. ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം അയാൾ നൂറുശതമാനം അർഹിച്ചിരുന്നു. എന്നിട്ടും സെലക്ടർമാർ സഞ്ജുവിനെ തഴഞ്ഞു. ആ നീതികേടിനെതിരെ ശബ്ദമുയർത്താൻ പ്രമുഖരാരും തയ്യാറായില്ല.

സഞ്ജുവിനെ കല്ലെറിയാൻ ഏറ്റവും കൂടുതൽ ഉത്സാഹം കാണിക്കുന്നത് ചില മലയാളികളാണ്. സഞ്ജുവിനെ പിന്തുണയ്ക്കുന്നവരും പരിഹസിക്കപ്പെടുന്നു.

ക്വാളിഫയറിൽ സഞ്ജു ഹസരംഗയ്ക്കെതിരെ കളിച്ച മോശം ഷോട്ടിനെക്കുറിച്ചാണ് ഭൂരിഭാഗം പേരും ചർച്ച ചെയ്യുന്നത്. ആരോഗ്യകരമായ വിമർശനങ്ങൾ നല്ലതുതന്നെയാണ്. സഞ്ജുവിൻ്റെ പ്ലസ് പോയിൻ്റ്സ് അതിനിടയിൽ മുങ്ങിപ്പോവരുത് എന്ന് മാത്രം.

സഞ്ജുവിനെ കുറ്റം പറയാൻ ആവശ്യത്തിലേറെ ആളുകളുണ്ട്. അയാളെ നെഞ്ചിലേറ്റാൻ നമ്മൾ മാത്രമേയുള്ളൂ. അത് മറന്നുകൂടാ!

ഐ.പി.എൽ റിട്ടയർമെൻ്റ് പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ മഹേന്ദ്രസിംഗ് ധോനി ഇപ്രകാരം പറഞ്ഞിരുന്നു-

”അവസാന മത്സരം ചെന്നൈയിൽ വെച്ച് കളിക്കണം എന്നാണ് ആഗ്രഹം. ഇന്ത്യയിലെ പ്രധാന വേദികളിലെല്ലാം ഒരിക്കൽക്കൂടി ചെല്ലണം. എല്ലാവരോടും യാത്ര പറയണം…”

അങ്ങനെയൊരു യാത്ര എം.സ്.ഡി നടത്തുന്ന സമയം വരും. അന്ന് ക്യാപ്റ്റന്‍ കൂൾ പറഞ്ഞുവെച്ച വാചകങ്ങൾക്ക് ഒരു അനുബന്ധം കൂടിയുണ്ടാകും-

”ഞാൻ മടങ്ങുകയാണ്. വെറുതെയങ്ങ് പോവുകയല്ല. എൻ്റെ കിരീടവും ചെങ്കോലും ഏറ്റെടുക്കാൻ പ്രാപ്തനായ ഒരാൾ ഇവിടെയുണ്ട്. അവൻ്റെ പേര് സഞ്ജു വിശ്വനാഥ് സാംസൺ എന്നാണ്…!”

Hot Topics

Related Articles