കൊച്ചി: മലയാള സിനിമയിൽ ചരിത്രം തിരുത്തി അഞ്ചാം ഭാഗം പ്രഖ്യാപിച്ചതോടെ സിനിമയിൽ ഒരു മരണം ഉറപ്പായതായി പറയുകയാണ് സോഷ്യൽ മീഡിയ. സിനിമയിൽ സന്തോഷ് കീഴാറ്റൂർ എന്ന താരം അഭിനയിക്കുന്നതോടെയാണ് ആ കഥാപാത്രം മരിക്കുമെന്നു സോഷ്യൽ മീഡിയ ഉറപ്പിക്കുന്നത്. സന്തോഷ് അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും, സന്തോഷിന്റെ കഥാപാത്രം മരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ ഇത്തരം ഒരു വിശ്വാസത്തിന് ഇടയാക്കിയിരിക്കുന്നത്.
എന്നാൽ, പ്രഖ്യാപിച്ച ദിവസം മുതൽ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് സി ബി ഐ സീരീസിലെ അഞ്ചാമത് ചിത്രമായ സി ബി ഐ 5. കഴിഞ്ഞ ദിവസം സംവിധായകൻ കെ മധു പങ്കുവെച്ച ഒരു ചിത്രം സോഷ്യൽമീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായി മാറി. സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച ചിത്രമാണ് മധു പങ്കുവെച്ചത്. രൂപത്തിലും ഭാവത്തിലും സി ബി ഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുകയാണ്. വിക്രമിനൊപ്പം ചാക്കോയും സേതുരാമയ്യരും ഒരേ ഫ്രെയിമിൽ അണിനിരക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീശവെച്ച് മുണ്ടുടുത്ത് ചെറുചിരിയോടെ ഇരിക്കുന്ന വിക്രമിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മമ്മൂട്ടി, കെ മധു, മുകേഷ്, എസ് എൻ സ്വാമി, രൺജി പണിക്കർ എന്നിവരെയും ചിത്രത്തിൽ കാണാം. സി ബി ഐ സീരീസിലെ ഓരോ ചിത്രവും മലയാളി പ്രേക്ഷകരെ എല്ലാക്കാലത്തും ഹരം കൊള്ളിച്ചിട്ടുള്ള ചിത്രങ്ങളാണ്. സീരിസിലെ അഞ്ചാം ചിത്രത്തിന്റെ പേര് ‘ സിബിഐ 5 – ദ ബ്രെയിൻ’ എന്നാണ്. സൈന മൂവീസിന്റെ യുട്യൂബ് ചാനലിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. എസ് എൻ സ്വാമിയാണ് തിരക്കഥ ഒരുക്കുന്നത്. കെ മധു തന്നെയാണ് സംവിധാനം.
ചിത്രം നിർമിക്കുന്നത് സർഗചിത്രം അപ്പച്ചനാണ്. ഛായാഗ്രാഹകൻ – അഖിൽ ജോർജ്, പശ്ചാത്തലസംഗീതം – ജേക്ക്‌സ് ബിജോയ്. മമ്മൂട്ടി, മുകേഷ് എന്നിവർക്കൊപ്പം രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്.