സിനിമകൾ 100 കോടി ക്ലബ്ബിൽ കയറ്റി എന്നത് ഇപ്പോൾ വലിയ ഇടവേളകൾ ഇല്ലാതെ കേൾക്കുന്ന വാർത്തയാണ്. എന്നാൽ മലയാള സിനിമയിൽ ഇതുവരെ 100 കോടി കളക്ഷൻ നേടിയ സിനിമകൾ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നിർമാതാവും നടനുമായ സുരേഷ് കുമാര്‍ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. : നൂറ് കോടി എന്ന് പറയുന്നത് ഗ്രോസ് കളക്ഷൻ ആണെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
100 കോടി ക്ലബ്ബിൽ ഒരു സിനിമ കയറി എന്ന് പറയുന്നത് തള്ളല്ലേ എന്ന് പറഞ്ഞ് ഏതാനും നാളുകൾക്ക് മുൻപ് സന്തോഷ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്. മലയാളത്തിൽ ഇന്നേവരെ 100 കോടി ഒന്നും ഒരു സിനിമയും കളക്ട് ചെയ്തിട്ടില്ലെന്നും അതൊക്കെ ഒരു ബിസിനസ് ആണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇക്കാര്യം ഒരു നിർമാതാവ് തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞെന്നും സന്തോഷ് പറയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ
നിർമാതാവിന് പണം തിരിച്ചു കിട്ടാൻ അവർ പല ഐഡിയയും ചെയ്യും. 100, 200 കോടി എന്നൊക്കെ അവർ പറയട്ടെ. ഇതെല്ലാം കണ്ട് നിങ്ങൾ ചുമ്മാ ചിരിക്കുക. അല്ലാതെ, ഇന്ന നടന് നൂറ് കോടി കിട്ടി, മറ്റെയാൾക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് നിങ്ങളെന്തിനാണ് ഇങ്ങനെ അടികൂടുന്നത്. ഈ അടികൂടലാണ് ഇതിന്റെ പ്രശ്നം. ഒരു പ്രമുഖ നിർമാതാവ് അടുത്തിടെ പറയുകയുണ്ടായി, അവരുടെ സിനിമയ്ക്ക് 100, കോടി 125, 50 കോടി കിട്ടിയെന്നൊക്കെ ആണ് പുള്ളി തന്നെ പോസ്റ്റ് ഇട്ടിരുന്നത് എന്ന്. യഥാര്‍ത്ഥത്തില്‍ 50 കോടി കളക്ട് ചെയ്ത സിനിമയ്ക്കാണ് അദ്ദേഹത്തിന് കുറച്ചുകൂടി ലാഭം ഉണ്ടായത്.
100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ് തള്ളാണ്. ഇതൊക്കെ സ്വാഭാവികം ആണ്. മലയാളത്തിൽ ഇന്നേവരെ 100 കോടി ഒന്നും ഒരു സിനിമയും കളക്ട് ചെയ്തിട്ടില്ല. നടന് ഇപ്പോൾ ഒരു സിനിമയക്ക് 8,10 കോടി പ്രതിഫലം വാങ്ങുന്നെന്ന് വച്ചോ. അവർക്ക് ഈ സിനിമ ഇത്രയും കളക്ട് ചെയ്തു എന്ന് പറയുമ്പോഴല്ലേ അടുത്ത തവണ ഒരു നിർമാതാവ് വരുമ്പോൾ, പത്ത് കോടി പറ്റില്ല ഇരുപത് കോടി വേണമെന്ന് പറയാൻ പറ്റുള്ളൂ. അപ്പോഴല്ലേ അവരുടെ ബിസിനസ് നടക്കൂ.
ഈ കളക്ഷനൊക്കെ ഒരു തമാശ ആയിട്ടെടുക്കുക. സീരിയസ് ആയിട്ടെടുക്കരുത്.
കാരണം ബാഹുബലി 2 പോലുള്ള സിനിമയ്ക്ക് വരെ കേരളത്തിൽ 76 കോടിയെ കിട്ടിയുള്ളൂ. അതിൽ കൂടുതലൊന്നും ഒരു സിനിമയ്ക്കും കിട്ടില്ല. മലയാള സിനിമയിൽ ഇതുവരെ 100 കോടി ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആ നിർമാതാവ് കൂടി പറഞ്ഞപ്പോൾ സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞതിൽ അല്പമെങ്കിലും സത്യമുണ്ടെന്ന് മനസിലായി കാണും. നിർമാതാക്കൾ പറയുന്നതിൽ തെറ്റില്ല. മറിച്ച് നിങ്ങൾ അതിന്മേൽ അടികൂടുന്നതാണ് തെറ്റ്. അവർ എന്തോ ചെയ്യട്ടെ. രാഷ്ട്രീയമൊക്കെ അങ്ങനെ തന്നെയല്ലേ. ക്രിക്കറ്റിൽ കോലിയാണോ രോഹിത് ആണോ സച്ചിനാണോ മെച്ചം എന്നിങ്ങനെ അല്ലേ നമ്മൾ നോക്കുന്നത്. അതൊക്കെ ജനറലി പറയേണ്ടതാണ്. അതിന്മേൽ ഒരു വലിയ വാക്കുതർക്കത്തിലേക്കൊന്നും നിങ്ങൾ പോകേണ്ട ആവശ്യമില്ല. എല്ലാം ഒരു ബിസിനസ്. അതിനെ അങ്ങനെ എടുത്താൽ പേരെ.
ഈ വർഷം ഒട്ടനവധി സിനിമകൾ ഇറങ്ങി. അതിൽ നാല് സിനിമയാണ് ഹിറ്റ് ആയത്. പണം മുടക്കുന്നവന്റെ രീതിയിൽ മാത്രമെ ഒരു സിനിമയെ കാണാൻ പറ്റൂ. സിനിമ പരാജയപ്പെടുക ആണെങ്കിൽ നഷ്ടം നിർമാതാവിന്റെ മാത്രമാണ്. നടന്മാർക്ക് ഒന്നും സംഭവിക്കാൻ പോണില്ല. ചെറിയൊരു നാണക്കേട് അല്ലാതെ. സിനിമയുടെ ടെക്നീഷ്യൻസിനോ മറ്റ് അഭിനേതാക്കൾക്കോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പണം മുടക്കിയവൻ ആരോട് പോയി വിഷമം പറയും. മുതൽ മുടക്കിയവന് ആ പണം തിരിച്ച് കിട്ടിയെങ്കിൽ ആ സിനിമ നല്ലതാണ്. സിനിമ എന്നത് വെറുമൊരു ബിസിനസ് ആണ്. മലയാള സിനിമയിൽ ഇപ്പോൾ കലാകാരന്മാർ ഒന്നുമില്ല. കലയെ വിറ്റു ജീവിക്കുന്നവർ മാത്രമെ ഉള്ളൂ.