മഞ്ചേരി : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും.
രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളികൾ. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെ മുട്ടുകുത്തിച്ചു. രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെതിരെ വിജയം. സെമി ഫൈനല്‍ ഉറപ്പിക്കാനായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് കേരളത്തിന്റെത്. ചാമ്പ്യന്‍ഷിപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ബംഗാളിനെതിരെ നേടിയ മിന്നും വിജയം ടീമിന്റെ അത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്നേറ്റനിരയില്‍ ടി.കെ ജെസിന്‍ ഫോമിലേക്ക് ഉയര്‍ന്നതും പ്രതീക്ഷ നല്‍കുന്നു. മേഘാലയക്കെതിരെ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മേഘാലയ ഇറങ്ങുന്നത്.
ചെറിയ പാസുകളുമായി അതിവേഗം മുന്നോട്ട് നീങ്ങുന്ന ‘ടിക്കി ടാക്ക’ ശൈലിയിലാണ് മേഘാലയയുടെ കളി. ഫിഗോ സിന്‍ഡായി എന്ന ഇടംകാലന്‍ വിങ്ങറാണ് ടീമിന്റെ മറ്റൊരു ശക്തി കേന്ദ്രം. വൈകീട്ട് 4 ന് മലപ്പുറം കോട്ടപ്പടിയില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ പഞ്ചാബ് രാസ്ഥാനെ നേരിടും.