ഇറ്റാനഗർ : സന്തോഷ് ട്രോഫി ഫുട്ബാള്‍ ഗ്രൂപ് ബിയില്‍ നിന്ന് മണിപ്പൂർ ക്വാർട്ടർ ഫൈനലില്‍ കടന്നു. നാലാം മത്സരത്തില്‍ ഇവർ 4-1ന് മിസോറാമിനെ തോല്‍പിച്ചു.റെയില്‍വേസിനോട് ഏക ഗോളിന് പരാജയപ്പെട്ട നിലവിലെ ചാമ്ബ്യന്മാരായ കർണാടക പുറത്തേക്കുള്ള വഴിയിലാണ്. ഓരോ മത്സരം ബാക്കിനില്‍ക്കെ മണിപ്പൂരിന് പത്തും റെയില്‍വേസിന് ഏഴും പോയന്റായി. റെയില്‍വേസ് ക്വാർട്ടറിനരികിലാണ്. അതേസമയം, രണ്ടു പോയന്റ് മാത്രമുള്ള കർണാടകക്ക് കടക്കാൻ അത്ഭുതങ്ങള്‍ സംഭവിക്കണം.
തുടർച്ചയായ വിജയങ്ങള്‍ക്ക് ശേഷം ഐ ലീഗില്‍ തോല്‍വി ഏറ്റുവാങ്ങി ഗോകുലം കേരള എഫ്.സി. നാംധാരി എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് മലബാറിയൻസിനെ വീഴ്ത്തിയത്. മൂന്നാം മിനിറ്റില്‍തന്നെ ഹർമൻപ്രീത് സിങ് ആതിഥേയരെ മുന്നിലെത്തിച്ചു. 83ല്‍ കെ. സൗരവ് ഗോള്‍ മടക്കിയതോടെ വിജയത്തിനായി ഇരു ടീമും വീണ്ടും പ്രയത്നിച്ചു. കളി തീരാൻ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ആകാശ് ദീപ് സിങ്ങാണ് (90 + 7) നാംധാരിക്കായി രണ്ടാം ഗോള്‍ നേടിയത്. 17 മത്സരങ്ങളില്‍ 32 പോയന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തേക്ക് വീണു.