മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം തിങ്കളാഴ്ച രാത്രി എട്ടിന് നടക്കും. ഫൈനലിനുള്ള ഓഫ്ലൈന് കൗണ്ടര്‍ ടിക്കറ്റുകളുടെ വില്പന മത്സരദിവസം വൈകീട്ട് നാലിന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാനാണ് ടിക്കറ്റ് വിതരണം നേരത്തേയാക്കുന്നത്. ഓഫ്ലൈന് ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. https://santoshtrophy.com/ എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. മത്സരം കാണാനെത്തുന്നവര്‍ 7.30ന് മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം.
സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോൾ മഴ പെയ്യിച്ച് ഉജ്വല പ്രകടനത്തോടെയാണ് കേരളം ഫൈനലിലെത്തിയത്. യോഗ്യത റൗണ്ട് കൂടി ചേര്‍ത്ത് എട്ട് മത്സരങ്ങള്‍ കളിച്ച ആതിഥേയര്‍ 36 തവണയാണ് എതിര് ടീമിന്റെ വലയില്‍ പന്തെത്തിച്ചത്. വഴങ്ങിയതാവട്ടെ ഏഴെണ്ണം മാത്രം. ഇതില്‍ മൂന്നും കഴിഞ്ഞ രാത്രി കര്‍ണാടകക്കെതിരെ നടന്ന സെമി ഫൈനല്‍ മത്സരത്തിലാണ്. ഈ കളിയില്‍ അഞ്ച് ഗോളടിച്ച സ്ട്രൈക്കര്‍ ജെസിന് തോണിക്കര ആകെ ഒമ്ബത് തവണ സ്കോര്‍ ചെയ്തു. ഫൈനല്‍ റൗണ്ടില്‍ മാത്രം ആറെണ്ണമടിച്ച് ജെസിന് ഒന്നാമനാണ്. അഞ്ച് ഗോളുമായി ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ഫൈനല്‍ റൗണ്ടില്‍ രണ്ടാമന്. മൊത്തം മത്സരങ്ങള്‍ നോക്കിയാല്‍ നിജോ ഗില്‍ബര്‍ട്ടും അഞ്ചടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയിലാണ് ദക്ഷിണേന്ത്യ യോഗ്യത റൗണ്ട് നടന്നത്. ആദ്യ കളിയില്‍ ലക്ഷദ്വീപിനെതിരെ കേരളം എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചു. പിന്നാലെ അന്തമാനെ 9-0ത്തിനും പുതുച്ചേരിയെ 4-1നും തകര്‍ത്തു. ഫൈനല്‍ റൗണ്ടില്‍ രാജസ്ഥാനോട് 5-0ത്തിനും ബംഗാളിനോട് 2-0ത്തിനും പഞ്ചാബിനോട് 2-1നും ജയിച്ചപ്പോള്‍ മേഘാലയയോട് 2-2ന് സമനില വഴങ്ങി. സെമിയില്‍ ജെസിന്റെ തേരോട്ടത്തില്‍ കര്‍ണാടകക്കെതിരെ 7-3 വിജയം. യോഗ്യത റൗണ്ടില്‍ അന്തമാനെതിരെ നിജോയും ജെസിനും ഇരട്ട ഗോള്‍ നേടിയിരുന്നു. ലക്ഷദ്വീപും ഫൈനല്‍ റൗണ്ടില്‍ ബംഗാളും ഓരോ തവണ ജെസിന്റെ കാല്ച്ചൂടറിഞ്ഞു. ഫൈനല്‍ റൗണ്ടില്‍ രാജസ്ഥാനോട് ഹാട്രിക് നേടിയ ജിജോ പഞ്ചാബിനെതിരെ രണ്ട് ഗോളുമടിച്ചു. യോഗ്യത, ഫൈനല്‍ റൗണ്ടുകളിലായി അര്ജുന് ജയരാജ് നാലും നൗഫല്‍ മൂന്നും പ്രാവശ്യം സ്കോര്‍ ചെയ്തിട്ടുണ്ട്.