കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിലെ ഗ്രൂപ്പ് രണ്ട് യോഗ്യതാമത്സരത്തിൽ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് കേരളം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ജയത്തോടെ കേരളത്തിന്റെ രണ്ടാംറൗണ്ട് സാധ്യത വർധിച്ചു.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ കേരളം അടിച്ചതിലേറെ ഗോളവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. 16-ാം മിനിറ്റിൽ നിജോ ഗിൽബർട്ടാണ് കേരളത്തെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റിൽ കോർണർ ക്ലിയർ ചെയ്യുന്നതിൽ ആന്ധ്ര വരുത്തിയ പിഴവ് മുതലെടുത്ത് മുഹമ്മദ് സലീം കേരളത്തിന്റെ ലീഡുയർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ആദ്യ പകുതിയുടെ അധികസമയത്ത് അബ്ദുൾ റഹീം കേരളത്തിന്റെ മൂന്നാം ഗോളും നേടി. ആന്ധ്ര പ്രതിരോധത്തെ കീറിമുറിച്ച് നിജോ ഗിൽബർട്ട് നൽകിയ പാസ് സ്വീകരിച്ച് പകരക്കാരനായി ഇറങ്ങിയ അബ്ദുൾ റഹീം ഗോളിയേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന് മുന്നിലെത്തിയ കേരളം 52-ാം മിനിറ്റിൽ വീണ്ടും ലീഡുയർത്തി. നിജോ എടുത്ത കോർണറിൽ നിന്ന് വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോൾ നേടിയത്. ഒടുവിൽ 62-ാം മിനിറ്റിൽ ക്യാപ്റ്റൻ വിഖ്നേഷിലൂടെ കേരളം ഗോൾപട്ടിക തികച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയന്റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്.