ദില്ലി : ലോട്ടറി തട്ടിപ്പ് കേസില്‍ സാന്‍റിയാഗോ മാർട്ടിനെതിരായ ഇഡി കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. എറണാകുളം പിഎംഎല്‍എ കോടതിയിലെ നടപടിക്കാണ് സ്റ്റേ. ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണയിലെ നിയമപ്രശ്നം കാട്ടിയാണ് മാർട്ടിൻ ഹർജി നല്‍കിയത്. സിക്കിം ലോട്ടറിയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്. സിബിഐ എടുത്ത കേസിലെ വിചാരണ പൂർത്തിയാകും മുൻപ് പിഎംഎല്‍എ കോടതിയില്‍ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് മാർട്ടിൻ നേരത്തെ വിചാരണ കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജി തള്ളിയതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടർന്ന് ഇക്കാര്യത്തില്‍ മറുപടി നല്‍കാൻ ഇഡിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി. വിചാരണ താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു. കേസില്‍ സ്റ്റാൻഡിയാഗോ മാർട്ടിനായി സീനിയർ അഭിഭാഷകൻ ആദിത്യ സോന്ധിയും അഭിഭാഷകരായ രോഹിണി മൂസ, മാത്യൂസ് കെ.ഉതുപ്പച്ചൻ എന്നിവരും ഹാജരായി.