സാന്റോസ്: ബ്രസീലിയൻ സീരി എ മത്സരത്തില്‍ വൻ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് സൂപ്പർതാരം നെയ്മർ.കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വാസ്കോ ഡ ഗാമയാണ് സാന്റോസിനെ തകർത്തെറിഞ്ഞത്. എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് സാന്റോസിന്റെ തോല്‍വി. തോല്‍വിക്ക് പിന്നാലെ പരിശീലകനെ ടീം പുറത്താക്കി.
മത്സരത്തിന്റെ 18-ാം മിനിറ്റിലാണ് വാസ്കോ ഡ ഗാമ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ലൂക്കാസ് പിറ്റണാണ് വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഈ ഗോളിന്റെ ബലത്തില്‍ മാത്രമാണ് ടീം മുന്നിട്ടുനിന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. 52-ാം മിനിറ്റില്‍ ഡേവിഡ് കൊറിയ ലീഡുയർത്തി. ഫിലിപ് കുട്ടീന്യോയുടെ ഡബിളും റയാൻ, ഡാനിലോ നെവസ് എന്നീതാരങ്ങളും വലകുലുക്കിയതോടെ സാന്റോസിന്റെ പതനം പൂർണമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാജയത്തിന് പിന്നാലെ മൈതാനത്ത് നെയ്മർ പൊട്ടിക്കരഞ്ഞു. സഹതാരങ്ങളും മറ്റുസ്റ്റാഫുകളും ചേർന്നാണ് താരത്തെ ആശ്വസിപ്പിച്ചത്. ഇത് നാണക്കേടാണ്. ഞങ്ങളുടെ പ്രകടനത്തില്‍ ഞാൻ പൂർണ്ണമായും നിരാശനാണ്. ആരാധകർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ അത് അക്രമത്തിന്റെ വഴിയിലാകരുത്. – മത്സരശേഷം നെയ്മർ പറഞ്ഞു. എൻ്റെ ജീവിതത്തില്‍ ഞാനിത് അനുഭവിച്ചിട്ടില്ല. നിർഭാഗ്യവശാല്‍, അത് സംഭവിച്ചു. ദേഷ്യം കൊണ്ടും മറ്റെല്ലാം കൊണ്ടാണ് താൻ കരഞ്ഞതെന്നും നെയ്മർ കൂട്ടിച്ചേർത്തു.