പാലക്കാട്: വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടുവെന്നും തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണെന്നും പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തില്‍ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും ക്ഷണിച്ചു. സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്. വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു.
ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്റെ മറുപടി.
വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടുവെന്നും തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണെന്നും സരിൻ പറഞ്ഞു. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. 2017 ല്‍ ഈ വീട് വാങ്ങി. 2020 ല്‍ വാടകയ്ക്ക് നല്കി. ഈ വീട്ട് വിലാസം നല്‍കിയാണ് വോട്ടർ പട്ടികയില്‍ ചേർത്തത്. താൻ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോള്‍ ചിലർക്ക് സങ്കടമാണ്. പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് സ്ഥിര താമസവിലാസത്തിലേക്ക് വോട്ട് മാറ്റിയതെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും സരിൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഡോ സൗമ്യയും പ്രതികരിച്ചു. തന്റെ വഴി രാഷ്ട്രീയമല്ല. താൻ രാഷ്ട്രീയം പറയാറില്ല. തുടക്കം മുതല്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു. വ്യാജ വോട്ടറെന്ന നിലയില്‍ പ്രചരണം ഉണ്ടായി. വസ്തുതകള്‍ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയല്ല. ഞാൻ 916 വോട്ടർ. ഈ വീട് എന്റെ പേരില്‍ താൻ വാങ്ങിയത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഊഹിച്ച് വാങ്ങിയതല്ല. സ്വന്തം ജില്ലയില്‍ വീട് വേണമെന്ന് കരുതി ലോണ്‍ എടുത്ത് വാങ്ങിയതാണെന്നും സൗമ്യ സരിൻ പറഞ്ഞു.