നെടുങ്കണ്ടം : ചതുരംഗപ്പാറയില്‍ മാന്‍കുത്തിമേട് ഭാഗത്ത് സ്വകാര്യ വ്യക്തി കയ്യേറിയ 80 എക്കറോളം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. കയ്യേറി സ്ഥാപിച്ച വേലികള്‍ പ്രദേശത്തു നിന്ന് നീക്കം ചെയ്തു.മാന്‍കുത്തിമേട് ആദിവാസി കോളനിക്ക് സമീപം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഭൂമിയിലാണ് കയ്യേറിയത്. പുല്‍മേടും പാറ തരിശും ഉള്‍പ്പെടുന്ന ഭൂമി കയ്യേറി ഇരുമ്ബ് വേലികളും, ചെറിയ കെട്ടിടങ്ങള്‍ എന്നിവയാണ് നിര്‍മിച്ചിരുന്നത്. പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മാണങ്ങള്‍ നടത്തുന്നതായി ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ വിശദമായ റിപ്പോര്‍ട്ട് ഉടുമ്പൻചോല തഹസില്‍ദാര്‍ക്ക് നല്‍കിയിരുന്നു. കയ്യേറ്റം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിച്ചത്.