തിരുവനന്തപുരം : കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്നല്ല കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്നും ആ അർത്ഥത്തിലല്ല സുധാകരൻ പറഞ്ഞതെന്നും വിഡി സതീശൻ. ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ട വിധത്തില്‍ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോള്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ പാവം കുട്ടി, താനുമായി സംസാരിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രവർത്തനങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന് പറഞ്ഞു. ഇനി അത്തരം പ്രസ്താവനകള്‍ ഉണ്ടാവില്ലെന്നും ഷമ വ്യക്തമാക്കി. വടകര വൻ ഭൂരിപക്ഷത്തില്‍ ജയിക്കും. ഇന്നലെ അത് മനസിലായില്ലേ. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ താൻ ചുമതല ഏറ്റെടുത്ത് പോകും. നേരത്തെ തന്നെ തനിക്ക് പാർട്ടി ചുമതല നല്‍കി. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കും.
സിദ്ധാർത്ഥന്റെ മരണം കേരളത്തിലെ എല്ലാവരെയും വേദനിപ്പിച്ചു. ഇനി ഇങ്ങനെ ഒരു അക്രമം ഉണ്ടാകില്ല എന്ന് വിചാരിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ എസ്‌എഫ്‌ഐ ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാണ്. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്സാണ്. അതുകൊണ്ടാണ് ഇങ്ങനെയുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നത്.ഇനിയും തുടർന്നാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ക്രിമിനല്‍ സംഘമാണ് എസ്‌എഫ്‌ഐ എന്ന് ബിനോയ് വിശ്വമാണ് പറഞ്ഞത്. കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തും എന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. ഇ.പി ജയരാജൻ എല്‍ഡിഎഫ് കണ്‍വീനറോ അതോ എൻഡിഎ ചെയർമാൻ ആണോയെന്നും വിഡി സതീശൻ ചോദിച്ചു. പർത്മജ വേണുഗോപാല്‍ നടത്തിയ ആരോപണങ്ങളെയും വിഡി സതീശൻ തള്ളി. പത്മജ വേണുഗോപാല്‍ ഉന്നയിച്ച പണമിടപാട് ആരോപണം വ്യാജ പരാതിയാണെന്നും അങ്ങനെയൊരു പരാതി ആര്‍ക്കും കിട്ടിയിട്ടില്ലെന്നും 3 വര്‍ഷം കഴിയുമ്പോള്‍ എങ്ങനെയാണ് ആരോണവുമായി വരുന്നതെന്നും വിഡി സതീശൻ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് പത്മജ ആരോപിച്ചിരുന്നു. തൃശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് എംപി വിന്‍സെന്‍റിനെതിരെയാണ് പത്മജ വേണുഗോപാല്‍ സാമ്പത്തികാരോപണം ഉന്നയിച്ചത്. ഇതിനിടെ, ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വാക്കുകള്‍ ചര്‍ച്ചയാകുന്നതിനിടെ തന്‍റെ ഐഡി പങ്കുവെച്ച് എഐസിസി വക്താവ് രംഗത്തെത്തി. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്‍റെ ചിത്രം സഹിതമുള്ള വിവരണമാണ് ഷമാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എഐസിസി വക്താവിനെ കെപിസിസി അധ്യക്ഷനായ സുധാകരന് അറിയില്ലേ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന് പറഞ്ഞ എഐസിസി വക്താവ് ഷമക്കെതിരെയാണ് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നത്. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ പറഞ്ഞു. വിമർശനമൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറയുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷമാ മുഹമ്മദ് രംഗത്ത് വന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. പാർട്ടി പരിപാടികളില്‍ സ്റ്റേജില്‍ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണ്. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയില്‍ ഷാഫിയെ കൊണ്ടുവന്നാല്‍ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ സുധാകരൻ രംഗത്തെത്തിയത്.