തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിർശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് ഇതെന്ന് വി.ഡി.സതീശനും പ്രതികരിച്ചു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അധികാരത്തിന്റെ ഹുങ്കില്‍ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സർക്കാരും ശ്രമിക്കുന്നത്. കെജ്രിവാളിന്റെ അറസ്റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല, ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കി തുറുങ്കിലടക്കുന്ന ആസുര ശക്തികള്‍ക്കെതിരെ കണ്ണും കാതും തുറന്നിരിക്കാമെന്നും ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാൻ സദാ സജ്ജരാവണമെന്നും അദ്ദേഹം പറഞ്ഞു.