മലപ്പുറം: സംസ്ഥാന സർക്കാരുമായി ചേർന്ന് ഡല്‍ഹിയില്‍ പോയി സമരം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യു.ഡി.എഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്ഷണം സ്വീകരിക്കരുതെന്നും സർക്കാരിന്റെ കെണിയില്‍ വീഴരുതെന്നുമാണ് എല്ലാ ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കഴിവുകേടുമാണ്. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്രത്തിന്റെ അവഗണന. ഇക്കാര്യം യു.ഡി.എഫ് എം.പിമാർ കേന്ദ്രധനകാര്യമന്ത്രിയെ നേരത്തെതന്നെ അറിയിച്ചിട്ടുണ്ട്. 14-ാം ധനകാര്യ കമ്മിഷനില്‍ നിന്നും പതിനഞ്ചിലേക്ക് എത്തിയപ്പോള്‍ സംസ്ഥാനങ്ങളുടെ വിഹിതം കുറഞ്ഞിട്ടുണ്ട്. വിഹിതം കുറയ്ക്കരുതെന്നാണ് രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്. കൃത്യമായി അക്കൗണ്ട് നല്‍കാത്തതിലൂടെ സംസ്ഥാനത്തിന് വൻ തുകയാണ് നഷ്ടമായത്. സ്വർണത്തില്‍ നിന്നും നികുതി പിരിക്കാതെ പതിനായിരക്കണക്കിന് കോടി രൂപയാണ് നഷ്ടപ്പെട്ടത്. ബാറില്‍ നിന്നും ആയിരക്കണക്കിന് കോടിയും ജി.എസ്.ടിക്ക് അനുകൂലമായ നികുതി ഭരണഘടന പരിഷ്ക്കരിക്കാത്തതിലൂടെ കോടികളുടെ നഷ്ടവുമാണുണ്ടാകുന്നത്. ചെക്ക്പോസ്റ്റും ക്യാമറകളും പരിശോധനയും ഇല്ലാതെ കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി ഈ സർക്കാർ മാറ്റിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനപ്രതിസന്ധിയുടെ പൂർണഉത്തരവാദിത്തം ഈ സർക്കാരിനാണ്. അതില്‍ നിന്നും കൈകഴുകുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്രകാലും ഇല്ലാതിരുന്ന സമരവുമായി ഇപ്പോള്‍ ഡല്‍ഹിയിലേക്ക് പോകുന്നത്. സമരത്തില്‍ പങ്കെടുക്കുമോയെന്ന് യു.ഡി.എഫ് അറിയിക്കുന്നതിന് മുൻപെ എല്‍.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ട് വേണമെങ്കില്‍ വന്നാല്‍ മതിയെന്ന നിലപാടിലാണ് സർക്കാർ സ്വീകരിച്ചത്. ഇവർക്ക് പിന്നാലെ ആര് പോകും. ഇവരുമായി ചേർന്നുള്ള ഒരു സമരത്തിനും ഞങ്ങള്‍ ഇല്ല. ഇത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സർക്കാരാണ്. സംസ്ഥാനത്തെ മുച്ചൂടും തകർത്ത സർക്കാർ മുഖം രക്ഷിക്കാൻ നടത്തുന്ന ഒരു ശ്രമത്തിലും യു.ഡി.എഫ് പങ്കാളികളാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസില്‍ രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് നല്‍കിയിട്ടും സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങള്‍ക്ക് കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഉത്തരവ് നല്‍കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മാസപ്പടി ആരോപണം അഴിമതി വിരുദ്ധ നിയമത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും പരിധിയില്‍ വരുന്നതിനാല്‍ അന്വേഷണം വേണമെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ടില്‍ ശിപാർശ ചെയ്തിരിക്കുന്നത്. എന്നിട്ടും സി.ബി.ഐയോ ഇ.ഡിയോ അന്വേഷിക്കേണ്ട കേസ് കോർപറേറ്റ് കാര്യമന്ത്രാലയം എന്തിനാണ് അന്വേഷിക്കുന്നതെന്ന് മനസിലാകുന്നില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണ നിലനില്ക്കുന്നു വെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകളെ എ.കെ ബാലൻ ന്യായീകരിക്കുന്നത്. കമ്പനികള്‍ തമ്മിലുള്ള ഇടപാടിനെ കുറിച്ച് എ.കെ ബാലനും സി.പി.എമ്മിനും അറിയാമോ? സി.പി.എം ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടോ? എന്നാല്‍ എ.കെ ബാലൻ ഈ രേഖകള്‍ മുഴുവൻ ഹാജരാക്കട്ടെ. ഇൻകം ടാക്സ് ഇന്ററീംസെറ്റില്മെന്റ് ബോർഡിനും രജിസ്ട്രാർ ഓഫ് കമ്പനീസിന് മുന്നിലും ഹാജരാക്കത്ത രേഖകള്‍ എ.കെ ബാലൻ ഹാജരാക്കട്ടയെന്നും അല്ലാതെ വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും സതീശൻ വിമർശിച്ചു. കർണാടക സർക്കാരാണ് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറയുന്നത് തെറ്റിദ്ധാരണയിലാണ്. കൊലപാതകം, അഴിമതി കേസുകളിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടേണ്ടത്. ഇത് കേരളത്തിലും കർണാടകത്തിലുമായി നടന്ന കുറ്റകൃത്യമാണ്. പാർലമെന്റ് പാസാക്കിയ കേന്ദ്ര നിയമങ്ങളുടെ ഭാഗമായാണ് ഇൻകംടാക്സ് ഇന്ററീംസെറ്റില്മെന്റ് ബോർഡ്, രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നീ സ്റ്റാറ്റിയൂട്ടറി അതോറിട്ടികള്‍ ഉണ്ടാക്കിയിരിക്കന്നത്. ഇതില്‍ രജിസ്ട്രാർ ഓഫ് കമ്പനീസാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക സർക്കാരിനോ കേരള സർക്കാരിനോ ഇതില്‍ ഒരു കാര്യവുമില്ല.
എന്നിട്ടാണ് കർണാടക സർക്കാർ അന്വേഷണം നടത്തണമെന്ന് മുരളീധരൻ പറയുന്നത്. മുരളീധരനും പിണറായി വിജയനും തമ്മില്‍ സെറ്റില്‍മെന്റുണ്ട്. എല്ലാത്തിനും ഇടനിലക്കാരനായി പ്രവർത്തിച്ചത് മുരളീധരനാണ്. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കാതെ കോർപറേറ്റ് കാര്യമന്ത്രാലയത്തെ ഏല്‍പ്പിച്ചത്. സ്റ്റാറ്റിയൂട്ടറി അതോറിട്ടിയേക്കാള്‍ വലുതാണോ ഒരു മന്ത്രാലയം? ഇടനിലക്കാരനായി പ്രവർത്തിച്ചതിന് മുരളീധരനും ഈ കേസിലെ പ്രതിയാണ്. പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള എല്ലാ സെറ്റില്‍മെന്റുകളുടെയും ഇടനിലക്കാരനാണ് വി. മുരളീധരൻ. സ്വർണക്കടത്ത്, ലാവലിൻ, ലൈഫ്മിഷൻ കോഴ കേസുകളില്‍ പിണറായി സംഘപരിവാറുമായി സെറ്റില്മെന്റുണ്ടാക്കിയത് മുരളീധരന്റെ ഇടനിലയിലാണ്. അതിന് പകരമായാണ് മുരളീധരന്റെ സ്വന്തം ആളായ കെ. സുരേന്ദ്രനെ പിണറായി വിജയൻ കുഴല്‍പ്പണ ഇടപാടില്‍ നിന്നും മാറ്റിക്കൊടുത്തത്. പരസ്പരം ധാരണായാണ്. എന്നിട്ടാണ് തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഗവർണറുമായി ഏറ്റുമുട്ടുന്നതും ഡല്‍ഹിയില്‍ സമരം ചെയ്യാൻ പോകുന്നതും. ആ കൈ കൂപ്പിയുള്ള നില്‍പ്പുണ്ടല്ലോ, അത് എല്ലാത്തിനുമുള്ള മറുപടിയാണ്- സതീശൻ കൂട്ടിച്ചേർത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനിയും കേസുകളെടുക്കട്ടെ. യൂത്ത് കോണ്‍ഗ്രസിനെ കേരളത്തിലെ ഏറ്റവും വലിയ യുവജന ശക്തിയാക്കി മാറ്റാൻ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എത്ര കേസുകള്‍ വേണമെങ്കിലും എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.