ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമ കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സത്യഭാമ കീഴടങ്ങിയത്. നെടുമങ്ങാട് എസ്‍സി എസ്ടി കോടതിയില്‍ മുൻ‌കൂർ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയില്‍ എത്തിയത്. ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നേരത്തെ ഹൈക്കോടതി നിർദേശിച്ചത്. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച്‌ ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി ഈ നിർദേശം നല്‍കിയത്.

Advertisements

അധിക്ഷേപ പരാമർശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎല്‍വി രാമകൃഷ്ണൻ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്. മോഹിനിയാകാൻ സൗന്ദര്യം വേണം. കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് ആർഎല്‍വി രാമകൃഷ്ണൻ പരാതി നല്‍കിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു.

Hot Topics

Related Articles