തൃശൂർ : നർത്തകനും നടനുമായ ഡോ. ആർഎല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തില്‍ ഉറച്ച് കലാമണ്ഡലം സത്യഭാമ. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവർ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.
വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമർശത്തില്‍ ഒരു കുറ്റബോധവും ഇല്ല. ഞാൻ ഇനിയും പറയും. എന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഞാൻ പ്രതികരിക്കും. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴില്‍പോലെയല്ല, ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവജനോത്സവത്തിന് മാർക്കിടുമ്ബോള് സൗന്ദര്യത്തേക്കുറിച്ചുള്ള കോളം എടുത്തുകളയിക്കാൻ നിങ്ങളെക്കൊണ്ട് പറ്റുമോ? എത്രയോ സ്ഥലത്ത് സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് മാർക്ക് കൊടുത്തിട്ട് എന്റെ അടുത്തുവന്ന് ചിലർ ചോദിച്ചിട്ടുണ്ട് എന്ത് സൗന്ദര്യമുണ്ട് ആ കുട്ടിക്കെന്ന്. കറുത്തകുട്ടിയ്ക്ക് പരിശീലനം നല്‍കും, എന്നാല്‍ മോളേ മത്സരത്തിന് പോകേണ്ട എന്നുപറയും. സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് സൗന്ദര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇപ്പോള്‍ പലരും. സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്. ഭംഗിയുള്ളവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടത്തിലേക്ക് വന്നാലേ മോഹിനിയാട്ടത്തിന് ഭംഗിയുള്ളൂ. മോഹിനിയാട്ടം പെണ്‍കുട്ടികളേ ചെയ്യാവൂ, സത്യഭാമ വ്യക്തമാക്കി.
ആർഎല്‍വി രാമകൃഷ്ണനും താനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും തനിയ്ക്ക് നീനാ പ്രസാദിന്റെയോ മേതില്‍ ദേവികയുടെയോ സർട്ടിഫിക്കറ്റ് വേണ്ടെന്നും അവർ പറഞ്ഞു. ഇത്രയും ധാർഷ്ഠ്യം പാടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് എന്റെ വീടാണ്, മനസ്സിലായോ എന്നായിരുന്നു പ്രതികരണം.
നർത്തകനും നടനുമായ ഡോ. ആർഎല്‍വി രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയത്. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. ആർഎല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു.
ഇതിന് പ്രതികരണവുമായി ആർ.എല്‍.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയാണ് ആർ.എല്‍.വി രാമകൃഷ്ണൻ. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്ക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപില് കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആർ.എല്‍.വി രാമകൃഷ്ണൻ കുറിച്ചു.