കോഴിക്കോട് : സി.പി.എം. കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥൻ (62) വെട്ടേറ്റുമരിച്ച സംഭവത്തില്‍ കൊലപാതകി സി.പി.എം. പ്രവർത്തകനാണെന്ന ആരോപണം തള്ളി ഏരിയാ കമ്മറ്റി. ചില മാധ്യമങ്ങളില്‍ കൊലപാതകി സി.പി.എം. പ്രവർത്തകനാണെന്ന രീതിയില്‍ വാർത്ത നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടതായും പാർട്ടിയെ കരിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും സി.പി.എം. ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു.
കൊല ചെയ്ത പെരുവട്ടൂർ പുറത്തോന അഭിലാഷ് സി.പി.എം. പ്രവർത്തകനല്ല. എട്ടു വർഷങ്ങള്‍ക്ക് മുൻപ് സി.പി.എം പ്രവർത്തകനായിരുന്നു. അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പ്രദേശത്തെ പല പ്രശ്നങ്ങളിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയതിൻ്റെ പേരില്‍ പാർട്ടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തില്‍ വച്ച് സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തില്‍ സി.പി.എം. ശക്തമായി പ്രതിഷേധിക്കുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ ജനാധിപത്യവിശ്വാസികളും ജാഗരൂകരാകണമെന്നും ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു.