സിനിമ ഡസ്ക് : സൗബിന് ഇത് നല്ല കാലമാണ്. മലയാളം സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ഹിറ്റ് നേടിയ മഞ്ഞുമ്മൽ ബോയ്സിന്റെ ആഘോഷത്തിൽ ഇരിക്കുമ്പോൾ തന്നെ തന്റെ കരിയറിൽ വലിയ മാറ്റവും, വലിയ വിജയം നേടിക്കൊടുത്ത പ്രിയ സംവിധായകനൊപ്പം വീണ്ടും ഒന്നിക്കുകയാണ്.’സുഡാനി ഫ്രം നൈജീരിയ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകൻ സക്കരിയയും നടൻ സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുന്നു.സമൂഹ മാധ്യമങ്ങളിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.’ആറ് വർഷങ്ങള്‍ക്കുശേഷം പ്രിയപ്പെട്ട നടനും സംവിധായകനും ഒന്നിക്കുന്നു. മനോഹരമായ വിഷ്വല്‍ ട്രീറ്റിന് തയ്യാറാകൂ’ എന്നാണ് സൗബിൻ ഷാഹിറും സക്കരിയയും പങ്കുവെച്ച പോസ്റ്റ്. സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്ത് ആറ് വർഷം തികയുമ്ബോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.മലപ്പുറത്തെ കാല്‍പ്പന്ത് കളിയുടെ ആവേശത്തെ വെള്ളിത്തിരയിലെത്തിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നായകനായ സൗബിന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരുന്നു. എന്നാല്‍ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നിന്നതോടെ വലിയ പ്രേക്ഷക പ്രീതിയാണ് ചിതിരത്തിന് ലഭിച്ചത്. നിരൂപക പ്രശംസക്കൊപ്പം ബോക്സോഫീസിലും വലിയ വിജയം നേടാൻ സിനിമക്കായി.കാന്‍ അടക്കം നിരവധി ഫെസ്റ്റിവലുകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒട്ടേറെ പുരസ്കാരങ്ങളും ചിത്രം നേടി. ചിത്രത്തിലെ പ്രകടനത്തിലൂടെ സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോള്‍ സക്കരിയ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടി. 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയ നേടിയിരുന്നു.