കണ്ണൂർ/ കാസർകോട്: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ അശമന്നൂര്‍ നൂലേരി മുടശ്ശേരി സവാദ് (38) കണ്ണൂരില്‍ ഒളിവില്‍ താമസിച്ചത് മൂന്നിടങ്ങളില്‍. വളപട്ടണം മന്നയില്‍ അഞ്ചുവര്‍ഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവര്‍ഷവും മട്ടന്നൂര്‍ ബേരത്ത് ഒൻപതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്.
വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്.
ഒരുവര്‍ഷത്തിനുശേഷം മരപ്പണി പഠിക്കാൻ പോയി. തുടര്‍ന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഇത് അറിയാമായിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂര്‍ ബേരത്തേക്ക് താമസം മാറി. ഈമാസം വീണ്ടും വീട് മാറാനുള്ള നീക്കത്തിനിടയിലാണ് എൻ.ഐ.എ. സംഘത്തിന്റെ പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻ.ഐ.എ. സംഘം സവാദിനെ അന്വേഷിച്ച് ആദ്യമെത്തിയത് കണ്ണൂര്‍ ടൗണിലും പിന്നീട് വളപട്ടണത്തുമായിരുന്നു. ഇയാള്‍ വിദേശത്ത് കടന്നെന്ന് പ്രചാരമുണ്ടായിരുന്നെങ്കിലും തിരുത്താൻ എൻ.ഐ.എ. ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കണ്ണൂരില്‍നിന്ന് സവാദിന്റെ ബന്ധുവിന് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലിലാണ് വിളിയെത്തിയത്. ഇതും എൻ.ഐ.എ.യുടെ അന്വേഷണത്തിന് സഹായകമായി.
ഭാര്യപോലും തിരിച്ചറിഞ്ഞില്ല
കാസര്‍കോട് മഞ്ചേശ്വരത്തെ ഒരു നിര്‍ധന കുടുംബത്തില്‍നിന്നാണ് സവാദ് വിവാഹം കഴിച്ചത്. അവിടെയുള്ള പി.എഫ്.ഐ. നേതാവാണ് ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഓട്ടോഡ്രൈവറായ ഭാര്യാപിതാവ് മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തില്‍വെച്ചാണ് സവാദിനെ പരിചയപ്പെട്ടത്. അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞത്. തുടര്‍ച്ചയായ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് 10 മക്കളുടെ പിതാവായ ഓട്ടോഡ്രൈവര്‍ മകളുമായുള്ള കല്യാണം നടത്തിയത്. ഷാജഹാൻ എന്നപേരില്‍ തന്നെയാണ് വിവാഹം കഴിച്ചതും.
തന്നെ തിരിച്ചറിയാതിരിക്കാൻ താമസിക്കുന്നയിടങ്ങളില്‍ ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും മഞ്ചേശ്വരത്തെ മേല്‍വിലാസവുമാണ് സവാദ് നല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യുന്ന നിമിഷംവരെ ഭാര്യക്ക് ഇയാളുടെ യഥാര്‍ഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്ക് മലയാളം നന്നായി അറിയില്ലായിരുന്നു. മൂത്ത കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാൻ ചെന്നപ്പോള്‍ പ്രഥമാധ്യാപകനോടാണ് യഥാര്‍ഥ പേര് പറയുന്നത്. രണ്ടുപേരുണ്ടെന്നും ഷാജഹാൻ എന്നത് വീട്ടിലെ പേരാണെന്നും സവാദ് യഥാര്‍ഥ പേരാണെന്നും പറഞ്ഞു.