തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാംപ്രതി സവാദിനെ അടുത്തമാസം 16 വരെ റിമാൻഡ് ചെയ്തു. പ്രതിയെ എൻഐഎ കോടതിയില്‍ ഹാജരാക്കി. സവാദിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതിനായി അടുത്തയാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് എൻ ഐ എ അറിയിച്ചു. പ്രതിയെ നിലവില്‍ പാർപ്പിച്ചിരിക്കുന്ന എറണാകുളം സബ്ജയിലില്‍ മതിയായ സുരക്ഷയില്ലെന്നും അതിനാല്‍ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റണമെന്നുമുള്ള എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു.
അതേസമയം പിഎഫ്ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ ഏതൊക്കെ നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ചോദ്യം ചെയ്യലാണു നടന്നത്. മതനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതിയാണ് സവാദ്. നേരത്തെ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ സംഘം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്ക് ജൂലൈ 13നാണ് ശിക്ഷ വിധിച്ചത്. ആറു പ്രതികളില്‍ മൂന്ന് പേർക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. പിന്നീട്, തിരിച്ചറിയല്‍ പരേഡില്‍ സാവേദിനെ ആക്രമണത്തിന് ഇരയായ ടിജെ ജോസഫ് തിരിച്ചറിയുകയും ചെയ്തിരുന്നു.