ടെൽ അവീവ്: ലെബനനില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രായേല്‍. ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് അരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതിനോടകം 1000ത്തിലധികം പേർ കൊല്ലപ്പെട്ടെന്നും 6000ത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ലെബനൻ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
അതേസമയം, ബെയ്റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ മേഖലയില്‍ നിന്ന് ഹിസ്ബുല്ല തലവൻ സയീദ് ഹസൻ നസ്റല്ലയുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. നസ്രല്ലയെ കൊലപ്പെടുത്തിയ ആക്രമണത്തില്‍ 20 ഹിസ്ബുല്ല നേതാക്കളും കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. നസ്രല്ലയെ വധിക്കാൻ ഇസ്രായേല്‍ ഉപയോഗിച്ചത് 900 കിലോ ഗ്രാം അമേരിക്കൻ നിർമ്മിത മാർക്ക് 84 സീരീസ് ബോംബുകളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. വെള്ളിയാഴ്ചയാണ് ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിസ്ബുല്ല ആസ്ഥാനത്ത് നസ്രല്ലയുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിലുള്ളയാളായിരുന്നു നസ്രല്ല. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നസ്രല്ല കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്.