ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് കേരളം. വയനാട്, ഇടുക്കി കുമിളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബഫര്‍ സോണില്‍ സ്ഥിര നിര്‍മാണങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാന്‍ പ്രയാസമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഒരു നിരോധനം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുതന്നെ നിരവധി ചെറുകിട, ഇടത്തരം നഗരങ്ങള്‍ ബഫര്‍ സോണ്‍ മേഖലകളില്‍ ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മേഖകളകളിലുള്ളവരെ പുനരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും കേരളം വ്യക്തമാക്കുന്നു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്റെ അപേക്ഷ.