കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുള്‍പൊട്ടലില്‍ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്കൂള്‍ എന്നിവ പുനക്രമീകരിക്കാൻ ഉള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്കൂള്‍ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎല്‍പി സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ 500 ല്‍ അധികം വിദ്യാർത്ഥികള്‍ക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെയായത്. മേപ്പാടിയില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് മേപ്പാടി ഹൈസ്കൂളില്‍ ക്രമീകരണങ്ങള്‍ വേഗത്തിലാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ട് സ്കൂളുകളാണ് പുനക്രമീകരിക്കേണ്ടത്. മുണ്ടക്കൈ എല്‍ പി സ്കൂള്‍, മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ എപിജെ ഹാളിലാണ് താല്‍ക്കാലികമായി ഒരുക്കുന്നത്. നാല് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ചെറിയ കുട്ടികള്‍ ആയതിനാല്‍ സുരക്ഷ കൈവരികള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമാണ്. ശുചിമുറികളും തയ്യാറാക്കണം.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു.