കോട്ടയം: പ്രാകൃതമായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടിരുന്ന കേരളം ഇന്ന് ദിനംപ്രതി അത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും മറ്റ് ജീവിത സാഹചര്യങ്ങളും പുരോഗമിച്ചിട്ടും ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ നിയമസംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ബലി കൊടുക്കുന്ന മന്ത്രവാദത്തില്‍ വിശ്വസിക്കുന്ന നിരവധി ആളുകള്‍ ഇപ്പോഴും നമ്മുക്കിടയിലുണ്ട്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി സംശയിക്കപ്പെടുന്നത് തൃക്കാക്കരയിലെ രണ്ടരവയസുകാരിയാണ്. കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടെന്നും ശരീരത്തില്‍ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള മൊഴികള്‍ കുട്ടിയുടെ അമ്മ നല്‍കിയിരുന്നു. ഹൈപ്പര്‍ ആക്ടീവ് ആയ ബാലിക പലപ്പോഴും പ്രായത്തേക്കാള്‍ കൂടുതല്‍ വികൃതികള്‍ കാട്ടാറുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇത് ബാധയാണെന്ന രീതിയില്‍ ഇവര്‍ സംശയിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പൂജയ്ക്കിടെ കുന്തിരിക്കത്തിലേക്ക് കുട്ടി സ്വയം വീണു എന്ന രീതിയില്‍ മൊഴിയുണ്ടായിരുന്നു. രണ്ടര വയസ്സുകാരി ബാധ ഒഴിപ്പിക്കല്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകള്‍ സ്വയം വരുത്തിയതല്ല എന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ക്ഷതവും രക്തസ്രാവവുമുണ്ട്. രക്തധമനികളില്‍ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. കുട്ടിയുടെ കാല്പാദം മുതല്‍ തല വരെ മുറിവുകളും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച പാടുകളും ഉണ്ട്. അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഉള്‍പ്പെടെ മാനസിക വിഭ്രാന്തി സംശയിക്കുന്നുണ്ടെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലുണ്ടായ അതിക്രമം എന്ന സാധ്യതയും പൊലീസ് തള്ളുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയും അച്ഛനും സഹോദരിയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ നന്തന്‍കോട്ടെ കേഡല്‍ ജിന്സണ് രാജയാണ് കേരളത്തിലെ അന്ധവിശ്വാസങ്ങളെപ്പറ്റി വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പത്ത് വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ സാത്താന് സേവ നടത്തുകയായിരുന്നെന്നാണ് കേഡല്‍ ജിന്സണ് പൊലീസിന് മൊഴി നല്‍കിയത്. ഓസ്ട്രേലിയയില്‍ നിന്ന് നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണ് സാത്താന് സേവയുടെ ഭാഗമായതെന്നും ശരീരത്തെ കുരുതി നല്കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. വിദേശത്ത് നിന്നാണ് ആഭിചാര പ്രക്രിയകളില്‍ ജിന്സണ് ആകൃഷ്ടനായത്.
ഭര്‍ത്താവും ഭര്‍തൃമാതാവും പട്ടിണിക്കിട്ട് കൊന്ന കരുനാഗപ്പള്ളിയിലെ തുഷാരയെ കേരളം മറക്കാനിടയില്ല. ഇരുപത്തിയേഴ് വയസ് മാത്രം പ്രായമുള്ള തുഷാര, ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ച് മരിക്കുമ്പോള്‍ കേവലം 20 കിലോഗ്രാം മാത്രമായിരുന്നു ശരീരഭാരം. വിശക്കുമ്പോള്‍ കഴിക്കാന്‍ പഞ്ചസാരവെള്ളവും കുതിര്‍ത്തിയ അരിയും നല്‍കിയും, ശബ്ദമുണ്ടാക്കുമ്പോള്‍ അടിച്ചും ചവിട്ടിയും ഒതുക്കിക്കിടത്തിയുമെല്ലാം വര്‍ഷങ്ങളോളം ഭര്‍തൃവീട്ടുകാര്‍ തുഷാരയെ വീട്ടിനുള്ളില്‍ തളച്ചു. ഏതോ മന്ത്രവാദിയുടെ വാക്കുകള്‍ക്കനുസരിച്ചായിരുന്നു ആ കുടുംബത്തിന്റെ ജീവിതം. ക്രൂരതകള്‍ക്ക് പിന്‍ബലം നല്കിയതും മന്ത്രവാദം തന്നെയായിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് എട്ടുവയസുകാരനെ പേപ്പട്ടി ആക്രമിച്ചപ്പോള്‍ വീട്ടുകാര്‍ നേരെ പോയത് നൂല് ജപിച്ച് കെട്ടുന്ന ആളുടെ അടുത്തേക്കായിരുന്നു. അങ്ങനെ അവിടെ നിന്ന് ജപിച്ച നൂലും കെട്ടി അവര്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായപ്പോള്‍ ആശുപത്രിയില്‍ പോയെങ്കിലും പനിക്കുള്ള മരുന്ന് നല്കി അവിടെനിന്നും അവരെ പറഞ്ഞുവിട്ടു. രാത്രിയോടെ കുട്ടിയുടെ നില വഷളായി. അന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പേവിഷ ബാധയാണെന്ന് സംശയം പ്രകടിപ്പിച്ച ഡോക്ടര്‍ അവനെ ചികിത്സയ്ക്ക് സൗകര്യമുള്ള വലിയ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബത്തോട് നിര്‍ദേശിച്ചു. വാഹനസൗകര്യം ലഭ്യമാകാഞ്ഞതിനാല്‍ അവര്‍ അവനെയും കൊണ്ട് തിരിച്ച് വീട്ടിലേക്ക് തന്നെ പോന്നു. പുലര്‍ച്ചയോടെ ആ എട്ടുവയസുകാരന് മരണത്തിന് കീഴടങ്ങി.
നെയ്യാറ്റിന്‍കരയില്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനമായതിനെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തപ്പോള്‍ ആദ്യമെല്ലാം ബാങ്കായിരുന്നു പ്രതി സ്ഥാനത്ത്. എന്നാല്‍, മരിച്ച വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പാണ് വഴിത്തിരിവായി. വീടും സ്ഥലവും ജപ്തി ചെയ്യാന്‍ പോകുകയാണെന്ന് കാണിച്ചുള്ള നോട്ടീസ് വന്നിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും ആ നോട്ടീസെടുത്ത് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിക്കലാണ് പതിവെന്നും അവര്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
യുക്തിരഹിത വിശ്വാസമാണ് കേഡല്‍ ജിന്സണ് എന്ന യുവാവിനെ കൊടുംകുറ്റവാളിയാക്കിമാറ്റിയത്. തുഷാരയെ കൊന്നത് അവളുടെ വിശ്വാസമല്ല, ചുറ്റുമുണ്ടായിരുന്ന ആളുകളുടെ അന്ധവിശ്വാസമാണ്. എട്ടുവയസുകാരന് തക്കസമയത്ത് ചികിത്സ നല്കാന് തടസം നിന്നത് കയ്യില്‍ കെട്ടുന്ന ചരടില്‍ കൊരുത്ത പ്രാകൃത ചിന്തയാണ്. അമ്മയെയും മകളെയും തീ കൊളുത്തി കൊന്നത് സാമാന്യയുക്തി നഷ്ടപ്പെട്ട ഉറ്റവരാണ്. കുറ്റബോധം തരിമ്പും പ്രകടിപ്പിക്കാതെ സമൂഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയും സജീവമായി നിന്നും ഇവരൊക്കെ ഇപ്പോഴും സമൂഹത്തിലുണ്ട്. അന്ധവിശ്വാസം അപകടരമായ മനോനിലയിലെത്തുമ്പോള്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ബലിയാകുന്നു.
മനുഷ്യരുടെ നിസഹായാവസ്ഥയാണ് പലപ്പോഴും മന്ത്രവാദം പോലെയുള്ള യുക്തിരഹിതമായ സംഗതികളിലേക്ക് വഴിനയിക്കുന്നത്. മതം, ജാതി, സമുദായം, സംസ്കാരം എന്നിവയുടെ വേലിക്കെട്ടിനുള്ളില്‍ നിന്നുകൊണ്ടാവണം ബോധവല്‍ക്കരണം പോലും എന്ന അവസ്ഥ ദയനീയമാണ്. ശാസ്ത്ര പഠനവും ശാസ്ത്ര ബോധവും രണ്ടാണ്. അതിനുദാഹരണമാണ് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ പോലും കെട്ടിത്തൂക്കുന്ന ജപിച്ച ചരടും ചെറുനാരങ്ങയും പച്ചമുളകും. ഇനി കുട്ടികളില്‍ മാത്രമേ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയൂ. അവര്‍ നിരന്തരം ഇടപെടുന്ന സ്കൂള്‍, സമൂഹം, നാട്, സൗഹൃദങ്ങള്‍ ഇങ്ങനെയെല്ലാമുള്ള ചുറ്റുപാടുകളില്‍ നിന്നും ശാസ്ത്രീയമായതിനെ കൊള്ളാനും യുക്തി- മനുഷ്യത്വ രഹിതമായതിനെ തള്ളാനും അവരോട് കൃത്യമായി ആശയവിനിമയം ചെയ്യണം. ഇല്ലെങ്കില്‍ അവര്‍ പഠിച്ച് ഡോക്ടറോ കര്‍ഷകനോ എഞ്ചിനീയറോ അധ്യാപകനോ ഡ്രൈവറോ ടെക്കിയോ കാലകാരന്മാരോ രാഷ്ട്രീയക്കാരനോ … എങ്ങനെ എന്തായിട്ടും അവനവനും നാടിനും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല..!